10 കോടിയല്ല, പരാതിക്കാര്‍ക്ക് നല്‍കാനുള്ളത് 4 കോടി മാത്രം; ക്രൈംബ്രാഞ്ച് തെളിവുകള്‍ നിഷേധിച്ച് മോന്‍സണ്‍
ഇതിൽ 75 ലക്ഷം രൂപ സഹായി ഷിബുവിന്‍റെ അക്കൗണ്ട് വഴിയാണ് നൽകിയത്. ബാക്കി പണമായി നേരിട്ട് വാങ്ങി
പുരാവസ്തു ഇടപാടിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ക്രൈംബ്രാഞ്ച് നിരത്തിയ തെളിവുകൾ മോന്‍സണ്‍ നിഷേധിച്ചു. പരാതിക്കാര്‍ക്ക് 10 കോടി രൂപ കൊടുക്കാനുണ്ടെന്നത് കള്ളമാണെന്നും 5 പരാതിക്കാർക്കുമായി നൽകാനുള്ളത് 4 കോടി മാത്രമാണെന്നും മോന്‍സണ്‍ പറഞ്ഞു.
ഇതിൽ 75 ലക്ഷം രൂപ സഹായി ഷിബുവിന്‍റെ അക്കൗണ്ട് വഴിയാണ് നൽകിയത്. ബാക്കി പണമായി നേരിട്ട് വാങ്ങി. 4 കോടി വാങ്ങിയതിന് കരാറുണ്ട്. ഇന്നലെ മൂന്നു മണിക്കൂറാണ് മോന്‍സണെ ചോദ്യം ചെയ്തത്. രക്തസമ്മർദ്ദം കൂടിയതിനാൽ ചോദ്യം ചെയ്യൽ ഒമ്പത് മണിയോടെ നിർത്തിവയ്ക്കുകയായിരുന്നു. അതേസമയം മോൻസന്‍റെ പേരിലുള്ള അക്കൗണ്ടുകളിൽ ബാക്കിയുള്ളത് ഒന്നര ലക്ഷം രൂപ മാത്രമാണ്. ഈ അക്കൗണ്ടുകളിലെ വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ച് ബാങ്കുകൾക്ക് കത്തയച്ചു.
മോൻസൺ മാവുങ്കലിനെ മൂന്നു ദിവസത്തേക്കാണ് കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്.തെളിവെടുപ്പിനായി മോൻസനെ ഇന്ന് ചേർത്തലയിലെ വീട്ടിൽ കൊണ്ടുപോയെക്കും . സാമ്പത്തിക തട്ടിപ്പിൽ പരാതിക്കാരായവരുടെ മൊഴി രേഖപ്പെടുത്താൻ ഓഫീസിൽ എത്തി ചേരണമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചിട്ടുണ്ട് .ആനക്കൊമ്പ് കണ്ടെത്തിയത് യാഥാർത്ഥമാണോ എന്ന പരിശോധനയാണ് സംസ്ഥാന വനം വകുപ്പും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ സംഘവും പ്രധാനമായും അന്വേഷിക്കുന്നത് .പുരാവസ്തുക്കളുടെ ശേഖരത്തിനൊപ്പം വന്യജീവികളുടെ അവശിഷ്ടങ്ങൾ ഉണ്ടോയെന്നുമാണ് പരിശോധന.