ഇറാൻ പിടിച്ചുവെച്ച കപ്പലിലെ മലയാളി നാവികൻ എഡ്വിൻ കുടുംബവുമായി സംസാരിച്ചു
ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്നും സുരക്ഷിതനാണെന്നും എഡ്വിൻ കുടുംബത്തെ അറിയിച്ചു
കൊച്ചി: ഇറാനിയൻ നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പലിലെ മലയാളി നാവികന്‍ എഡ്വിൻ കുടുംബവുമായി സംസാരിച്ചു. ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്നും സുരക്ഷിതനാണെന്നും എഡ്വിൻ കുടുംബത്തെ അറിയിച്ചു. ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്നാണ് കുടുംബാഗങ്ങളുമായി ബന്ധപ്പെടാൻ അനുവദിച്ചത്. എറണാകുളം കൂനമ്മാവ് സ്വദേശിയാണ് എഡ്വിൻ.
കപ്പലിലുള്ളവരുടെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇറാനിലെ ഇന്ത്യൻ എംബസിക്ക് കത്തയച്ചിരുന്നു. മോചനത്തിന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എഡ്വിൻ ജോൺസന്റെ പിതാവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കത്ത്. എഡ്വിനടക്കം നാല് മലയാളികളാണ് ഈ കപ്പലിലുള്ളത്. മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി സാം സോമൻ, കടവന്ത്ര സ്വദേശികളായ ജിസ്‌മോൻ, ജിബിൻ ജോസഫ് എന്നിവരാണ് കുടുങ്ങിയിരിക്കുന്നത്.
കുവൈത്തിൽ നിന്ന് യു.എസിലെ ഹൂസ്റ്റണിലേക്ക് പോവുകയായിരുന്ന അഡ്വാന്റേജ് സ്വീറ്റ് എന്ന കപ്പലാണ് ഒമാൻ- ഇറാൻ സമുദ്രാതിർത്തിയിൽ വച്ച് പിടിച്ചെടുത്തത്. ഒമാൻ തീരത്ത് തങ്ങളുടെ കപ്പലുകളിലൊന്നുമായി കൂട്ടിയിടിച്ചെന്ന് ആരോപിച്ചായിരുന്നു ഇറാന്റെ നടപടി.ഉപഗ്രഹ വിവരങ്ങള്‍ പ്രകാരം ഒമാന്‍ തലസ്ഥാന നഗരത്തിന് വടക്കുള്ള ഉള്‍ക്കടലിലിലൂടെയാണ് കപ്പല്‍ നീങ്ങിയിരുന്നത്. കപ്പൽ അന്താരാഷ്ട്ര അതിര്‍ത്തി പിന്നിടവെ ഇറാന്‍ നാവികസേന പിടിച്ചെടുക്കുകയായിരുന്നു.
മലയാളികളടക്കം 24 ഇന്ത്യൻ ക്രൂ അംഗങ്ങളും ഒരു റഷ്യൻ പൗരനുമാണ് ഈ കപ്പലിലുള്ളത്. യു.എസ് നാവികസേനയുടെ മിഡില്‍ ഈസ്റ്റ് ആസ്ഥാനമായുള്ള ഫിഫ്ത് ഫ്ലീറ്റാണ് ഇറാന്‍ പിടിച്ചെടുത്ത കപ്പലിനെ തിരിച്ചറിഞ്ഞത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ കപ്പലാണ് അഡ്വാന്റേജ് സ്വീറ്റ്. കപ്പലിലെ സാറ്റലൈറ്റ് ഫോൺ അടക്കമുള്ള ആശയവിനിമയ ഉപകരണങ്ങൾ ജീവനക്കാരിൽ നിന്നും പിടിച്ചെടുത്തതായാണ് വിവരം. കപ്പലിന്റെ ഉടമസ്ഥ കമ്പനിക്കും ജീവനക്കാരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.എഡ്വിൻ ഈ മാസം 15ന് യാത്ര പൂർത്തിയാക്കി നാട്ടിലെത്താനിരിക്കെയാണ് അപ്രതീക്ഷിതമായ സംഭവം.