അത്രയ്ക്ക് അനീതി അവിടെ കണ്ടിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട്, എഴുതിയാലും പറഞ്ഞാലും തീരാത്തയത്ര; വെറ്ററിനറി കോളജ് പൂര്‍വ വിദ്യാര്‍ഥിയുടെ കുറിപ്പ്
മറ്റൊരു വിദ്യാർഥി പ്രസ്ഥാനം ആ കോളജിൽ ഉണ്ടായിരുന്നെങ്കിൽ ഇത്തരം വയലന്‍സ് ഒക്കെ കോളേജിൽ നടക്കില്ലായിരുന്നു
വയനാട്: സിദ്ധാര്‍ഥന്‍റെ മരണം ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകമാണെന്ന് ചൂണ്ടി പൂക്കോട് വെറ്ററിനറി കോളജിലെ പൂര്‍വ വിദ്യാര്‍ഥിനിയുടെ കുറിപ്പ്. എസ്.എഫ്.ഐ എന്ന സംഘടനയും അവർക്ക് ഒത്താശ ചെയ്യുന്ന യൂണിവേഴ്സിറ്റി അധികാരികളും ഒരു പറ്റം ഫാക്കല്‍റ്റീസും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മറ പിടിച്ചു കൊണ്ട് ഇരിക്കുകയാണെന്നും കാലങ്ങളായി ആ കോളേജിൽ നടക്കുന്ന പലതരം അനീതികളും വെളിച്ചം കാണാത്തത് ഈ മറ പിടിക്കൽ കൃത്യമായി നടക്കുന്നത് കൊണ്ടാണെന്നും പൂര്‍വ വിദ്യാര്‍ഥി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
പൂര്‍വ വിദ്യാര്‍ഥിയുടെ കുറിപ്പ്
പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്‍റെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകം ഒരു കൂട്ടം വിദ്യാർഥികളുടെ തലയിൽ കെട്ടി വെച്ച് അവിടുത്തെ എസ്.എഫ്.ഐ യൂണിറ്റും കോളജ് അധികാരികളും കൈ കഴുകാൻ ഉള്ള ശ്രമത്തിൽ ആണ്. പുറത്ത് ഉള്ളവരെ നിങ്ങൾക്ക് പലതും പറഞ്ഞു പറ്റിക്കാം. പക്ഷെ ആ കോളജിലെ ഒരു പൂർവ വിദ്യാർഥിനി (അത് പറയാൻ നാണക്കേടുണ്ട് ) എന്ന നിലയിൽ, ആ കോളേജിൽ നിന്ന് പല വയലൻസ്കളും എടുത്ത ഒരാൾ എന്ന നിലയിൽ ഇതൊരു ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകം തന്നെയാണെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു.
സമീപ കാലത്ത് കേരളത്തിൽ പല പ്രമുഖ പ്രൈവറ്റ് കോളേജികളിൽ വരെ വിദ്യാർഥികൾ സംഘടിതമായി തങ്ങളുടെ കോളേജിലെ അനീതികളെയും കൊള്ളരുതായ്മകളെയും കോള്‍ ഔട്ട് ചെയ്യുന്നുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നിട്ടും സർക്കാർ കീഴിലുള്ള ഒരു സർവകലാശാലയിൽ ഇത്തരമൊരു കൊലപാതകം നടന്നിട്ട് അവിടുത്തെ വിദ്യാർത്ഥികളോ അധ്യാപകരോ പരസ്യമായി വന്നു അവിടെ കണ്ടതും കേട്ടതും തുറന്ന് പറയുന്നത് നിങ്ങൾ ആരെങ്കിലും കണ്ടോ ? അതെന്ത് കൊണ്ടായിരിക്കും? അവർ ആരെ ആയിരിക്കും പേടിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്ക് എല്ലാം ഒറ്റ ഉത്തരമേ ഉള്ളു. അവിടുത്തെ എസ്.എഫ്.ഐ എന്ന സംഘടനയും അവർക്ക് ഒത്താശ ചെയ്യുന്ന യൂണിവേഴ്സിറ്റി അധികാരികളും ഒരു പറ്റം ഫാക്കല്‍റ്റീസും. ഇവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മറ പിടിച്ചു കൊണ്ട് ഇരിക്കുകയാണ്. കാലങ്ങളായി ആ കോളേജിൽ നടക്കുന്ന പലതരം അനീതികളും വെളിച്ചം കാണാത്തത് ഈ മറ പിടിക്കൽ കൃത്യമായി നടക്കുന്നത് കൊണ്ടാണ്. ഡീന്‍, കോളജ് അധ്യാപകർ ഒക്കെ ഈ കേസ് പൂഴ്ത്താൻ നോക്കിയതും മറിച്ചൊന്നും കൊണ്ടല്ല. മറ്റേതെങ്കിലും കോളജ് ആയിരുന്നെങ്കിൽ ഇങ്ങനെ ഒരു വിദ്യാർഥി ദൂരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടാൽ കേസ് കൊടുക്കാൻ വീട്ടുകാർക്ക് ഒപ്പം നിക്കില്ലേ.
എന്‍ക്വയറി കമ്മറ്റി രൂപീകരിച്ച് തങ്ങളുടെ നിലയിൽ അന്വേഷിക്കില്ലേ? (ആ കുട്ടിയുടെ വീട്ടുകാർ മീഡിയസിനെ അറിയിച്ചു വാർത്ത ആയപ്പോൾ മാത്രമാണ് സസ്പെന്‍ഷന്‍ പോലും നടക്കുന്നത്) പണ്ട് ഞാനും എന്‍റെ സുഹൃത്തും ഗോവയ്ക്ക് പോയെന്നും പറഞ്ഞു ഞങ്ങളെ ക്രിമിനസിലിനെ പോലെ ആണ് പൂക്കോട് വെറ്റിറിനറി കോളേജും അവിടുത്തെ അധ്യാപകരും ട്രീറ്റ് ചെയ്തത്. കോളജിൽ എന്‍ക്വയറി കമ്മറ്റി ഇട്ട് സിബിഐ പോലും മാറി നിക്കുന്ന അന്വേഷണമായിരിന്നു ഞങ്ങൾക്ക് എതിരെ. (എന്റെ സുഹൃത്തിനെ ഒറ്റക്ക് കയറ്റി മൊഴി എടുക്കുന്നു. അത് കഴിഞ്ഞു രണ്ട് അധ്യാപകർ അവളെ പുറത്ത് എത്തിക്കുന്നു വേറെ രണ്ട് പേര് എന്നെ അകത്തേക്ക് കയറ്റുന്നു. ഞങ്ങൾ പരസ്പരം സംസാരിച്ചു മൊഴി കൊടുക്കാതിരിക്കാൻ ചെയ്‌തതാണെന്ന് തോന്നുന്നു.)
രണ്ട് പെൺകുട്ടികൾ അവരുടെ ഇഷ്ടത്തിന് ഗോവയ്ക്ക് പോയതായിരുന്നു അവർക്ക് ക്രമിനൽ കുറ്റം . ഞങ്ങളെ തേടി രണ്ട് വട്ടം ആണ് വൈത്തിരി പൊലീസ്‌കാർ ഹോസ്റ്റലിൽ വന്നത്. ഇതിനൊക്കെ പുറമെ ഫേസ്ബുക്കിൽ കോള്‍ ഔട്ട് ചെയ്‍തതിനു അന്നത്തെ ഹോസ്റ്റൽ വാര്‍ഡന്‍ കൽപ്പറ്റ ഡി.വൈ.എസ്.പി ഓഫീസിൽ കൊണ്ട് പോയി ഭീഷണി വരെ പെടുത്തി. അന്ന് അവിടുത്തെ എസ്.എഫ്.ഐ എടുത്ത നിലപാട് അതൊക്കെ ഹോസ്റ്റൽ വാർഡന്‍റെ പേർസണൽ കാര്യം ആണ് ഇടപെടാൻ പറ്റില്ല എന്നാണ്. മാത്രമല്ല 'OUR COLLEGE OUR PRIDE' എന്ന അശ്ലീല ഹാഷ്ടാഗ്ഇൽ നീതിക്കായുള്ള ഞങ്ങളുടെ എല്ലാ ശ്രമങ്ങളെയും തച്ചു കെടുത്താൻ നോക്കിയവർ ആണ് ആ കോളജിലെ ഭൂരിഭാഗം വിദ്യാർത്ഥികളും. പേടിച്ചിട്ട് മിണ്ടാതെ നിന്നവരും ഉണ്ട്. നിലവിൽ നടന്ന വിഷയത്തിൽ പോലും മൊഴി കൊടുക്കാൻ മുന്നോട്ട് വന്നത് നോര്‍ത്ത് ഇന്ത്യന്‍ വിദ്യാർഥികൾ ആണ്.
മറ്റൊരു വിദ്യാർഥി പ്രസ്ഥാനം ആ കോളജിൽ ഉണ്ടായിരുന്നെങ്കിൽ ഇത്തരം വയലന്‍സ് ഒക്കെ കോളേജിൽ നടക്കില്ലായിരുന്നു. എസ്.എഫ്.ഐക്കാർ കുട്ടികളെ പറഞ്ഞു ധരിപ്പിച്ചു വെച്ചിരിക്കുന്നത് മറ്റൊരു പ്രസ്ഥാനം വന്നാൽ കോളേജിൽ യൂണിറ്റി കാണില്ല എന്നും ആര്‍.എസ്.എസ് പോലുള്ള സംഘടനകൾ വരും എന്നൊക്കെയാണ്. അത് കൊണ്ട് സ്വയം വിമര്‍ശനാത്മകമായ ഒരു പ്രസ്ഥാനമായത് കൊണ്ട് (അവർ സ്വയം അങ്ങനെ ആണ് പറയുന്നത് ) എസ്.എഫ്.ഐ എന്ന ഒറ്റ കുടക്കീഴിൽ എല്ലാവരും ഒന്നിച്ചു നിൽക്കണം എന്നാണ്. അതായത് രമണാ.. വിദ്യാർത്ഥികളെ തങ്ങൾക്ക് മേൽ മാത്രം ഡിപെന്‍ഡ് ചെയ്യുന്ന അവസ്ഥയിൽ നിർത്തിച്ചിട്ട് എതിരെ വരുന്ന ശബ്ദങ്ങൾ ഒക്കെ അങ്ങ് നൈസായി കോളജിന്‍റെ 'യൂണിറ്റി' യിൽ അങ്ങ് മുക്കിക്കളയും. അപ്പൊ ആർക്കും ഒരു സംശയവും തോന്നില്ലല്ലോ. കുറച്ചു ബോധം ഉള്ളവർ ആണേൽ പോലും ആര്‍.എസ്.എസ് പോലുള്ള സംഘടനകൾ യൂണിറ്റ് ഇടും എന്ന ഒറ്റ ന്യായീകരണത്തിൽ അണ്ണാക്കിൽ പഴം തിരുകി ഇരിക്കും. എസ്.എഫ്.ഐ അല്ലാത്തവർ പോലും ആ കോളേജിൽ എസ്.എഫ്.ഐ ആണ്. (എസ്.എഫ്.ഐക്കാർ തന്നെ പറയുന്നത് ഇവിടെ എല്ലാവരും എസ്.എഫ്.ഐ ആണ് എന്നാണ്.
അപ്പൊ എസ്.എഫ്.ഐ അല്ല ഇതൊന്നും ചെയ്യുന്നേ ഞങ്ങളുടെ എസ്.എഫ്.ഐ ഇങ്ങനെ അല്ല എന്നൊന്നും പറഞ്ഞു കൊണച്ചിട്ട് കാര്യം ഇല്ല.ആ സംഘടനയുടെ ഒറ്റ ധൈര്യത്തിൽ ആണ് ഇമ്മാതിരി വയലന്‍സ് ഒക്കെ അവിടെ നടക്കുന്നത്. നിലവിൽ പ്രതികൾ ആയിട്ടുള്ളവർ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്‍റും ഉള്‍പ്പെട്ടവര്‍ ആണെന്നിരിക്കെ അത്ര എളുപ്പത്തിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ ചെയ്ത കുറ്റം ആയി ഇതിനെ പ്രചരിപ്പിക്കുന്നതിൽ ആർക്കൊക്കെയോ കൃത്യമായി അജണ്ട ഉണ്ട്. (ഒരു വിദ്യാർഥിയെ നിഷ്കരുണം കൊന്ന് കളഞ്ഞിട്ടും അതിനെ ചോദ്യം ചെയ്യുന്നത് ഇവർക്ക് ഇലക്ഷന്‍ സ്റ്റണ്ട് ആണ്.... )
ഇങ്ങനെ കൃത്യമായി എസ്.എഫ്.ഐ തങ്ങൾക്ക് അനുകൂലമായ എല്ലാം വിളയിച്ചു പാകപ്പെടുത്തിയ ഇടം ആണ് പൂക്കോട് വെറ്ററിനറി കോളേജിലെ ഹോസ്റ്റലുകൾ. ഇത് പറയുമ്പോ അതിശയോക്തി ആയി തോന്നാം. അനുഭവിച്ചവർക്ക് കൃത്യമായി മനസിലാവും. ആ കോളേജിലെ സിസ്റ്റം തന്നെ ഉണ്ടാക്കിയ കുറ്റവാളികൾ ആണ് ഇപ്പോൾ പ്രതികൾ ആയവർ പോലും. അവിടുത്തെ അധികാരികളും ഇതിനൊക്കെ കൂട്ട് നിന്ന ഫാക്കല്‍റ്റീസും ചോദ്യം ചെയ്യപ്പെടാതെ ശിക്ഷിക്കപ്പെടാതെ സിദ്ധാർഥിന് നീതി ലഭിക്കില്ല. ഈ പോസ്റ്റ് എഴുതുന്നത് വളരെ അധികം സെന്‍സറി ഓവര്‍ലോഡിന്‍റെ അവസാനം ആണ്.
വാക്കുകൾ ഒക്കെ സ്കാറ്റേഡാണ്. എത്ര എഴുതിയാലും പറഞ്ഞാലും തൃപ്തി വരുന്നില്ല. അത്രയ്ക്കും അനീതി അവിടെ കണ്ടിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട്. എഴുതിയാലും പറഞ്ഞാലും തീരാത്ത അത്ര. അവസാനം ഒരു കുട്ടിയുടെ ജീവൻ പോകുന്നിടത്ത് വരെ ഇതൊക്കെ എത്തിയത് സഹിക്കാവുന്നതിലും അപ്പുറം ആണ്. അവന് നീതി ലഭിക്കണം. സിദ്ധാര്‍ഥിന്‍റെ മരണം കൊലപാതകം ആണ്. It is an institutional murder.