സംസ്ഥാനത്ത് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ആകെ ഒമിക്രോൺ ബാധിതർ 152

18 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Update: 2022-01-02 13:34 GMT
Editor : Nidhin | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂർ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 32 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 4 പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. ആലപ്പുഴയിലെ 3 പേർക്കും തൃശൂരിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.

എറണാകുളത്ത് 8 പേർ യുഎഇയിൽ നിന്നും, 3 പേർ ഖത്തറിൽ നിന്നും 2 പേർ യുകെയിൽ നിന്നും, ഒരാൾ വീതം ഫ്രാൻസ്, ഫിലിപ്പിൻസ്, തുർക്കി എന്നിവിടങ്ങളിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് 9 പേരും യുഎഇയിൽ നിന്നും വന്നതാണ്. തൃശൂരിൽ 3 പേർ യുഎഇയിൽ നിന്നും ഒരാൾ സ്വീഡനിൽ നിന്നും എത്തിയതാണ്. പത്തനംതിട്ടയിൽ യുഎഇയിൽ നിന്നും 2 പേരും, ഖസാക്കിസ്ഥാൻ, അയർലാൻഡ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും ഒരാൾ വീതവും വന്നു. കോഴിക്കോട് ഒരാൾ വീതം യുകെ, ഉഗാണ്ട, ഉക്രൈൻ എന്നിവിടങ്ങളിൽ നിന്നും, മലപ്പുറത്ത് രണ്ട് പേർ യുഎഇയിൽ നിന്നും, വയനാട് ഒരാൾ യുഎഇയിൽ നിന്നും വന്നതാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 152 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 50 പേരും ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 84 പേരും എത്തിയിട്ടുണ്ട്. 18 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സംസ്ഥാനത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥിതിക്ക് എല്ലാവരും അതീവ ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്ന കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമായി പാലിക്കണം. ഒരുതരത്തിലുള്ള സാമൂഹിക ഇടപെടലുകളും പാടില്ല. അവർ പൊതുസ്ഥലങ്ങൾ സന്ദർശിക്കുകയോ പൊതു ചടങ്ങിൽ പങ്കെടുക്കുകയോ ചെയ്യരുത്. പൊതു സ്ഥലങ്ങളിൽ എല്ലാവരും എൻ 95 മാസ്‌ക് ധരിക്കണം. മാസ്‌ക് താഴ്ത്തി സംസാരിക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News