ആദ്യദിനം വാക്‌സിൻ സ്വീകരിച്ചത് 38, 417 കുട്ടികൾ

കുട്ടികൾക്കായി സംസ്ഥാനത്ത് 551 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ഒരുങ്ങിയത്

Update: 2022-01-03 16:14 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയിൽ പ്രായമുള്ള 38,417 കുട്ടികൾ ആദ്യദിനം കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 9338 ഡോസ് വാക്സിൻ സ്വീകരിച്ച തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ വാക്സിൻ സ്വീകരിച്ചത്. ഒമിക്രോൺ വ്യാപനം രൂക്ഷമായതിനാലാണ്്് സംസ്ഥാനത്ത് കോവാക്‌സിൻ് കുട്ടികൾക്കും നിർബന്ധമാക്കിയത്.

തിരുവനന്തപുരത്തിനു പിന്നാലെ 6868 പേർ വാക്സിൻ സ്വീകരിച്ച കൊല്ലം ജില്ല രണ്ടാം സ്ഥാനത്തും 5018 പേർ വാക്സിൻ സ്വീകരിച്ച തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമാണ്. കുട്ടികൾക്കായി സംസ്ഥാനത്ത് 551 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ഒരുങ്ങിയത്. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും വലിയ ഉത്സാഹത്തോടെ കുട്ടികളെത്തി. മിക്ക കേന്ദ്രങ്ങളിലും നല്ല തിരക്കാണനുഭവപ്പെട്ടത്. കുട്ടികളിൽ ആർക്കും പാർശ്വഫലങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. തിരുവനന്തപുരം 9338, കൊല്ലം 6868, പത്തനംതിട്ട 1386, ആലപ്പുഴ 3009, കോട്ടയം 1324, ഇടുക്കി 2101, എറണാകുളം 2258, തൃശൂർ 5018, പാലക്കാട് 824, മലപ്പുറം 519, കോഴിക്കോട് 1777, വയനാട് 1644, കണ്ണൂർ 1613, കാസർഗോഡ് 738 എന്നിങ്ങനെയാണ് സംസ്ഥാനത്ത് കുട്ടികൾ വാക്സിൻ സ്വീകരിച്ചത്.

ജനുവരി 10 വരെ നടക്കുന്ന വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ ജില്ല, ജനറൽ, താലൂക്ക് ആശുപത്രികൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികൾക്കുള്ള പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ഒമിക്രോൺ വ്യാപനം രൂക്ഷമയ സാഹചര്യത്തിൽ എല്ലാവരും കുട്ടികളെ വാക്സിൻ എടുപ്പിക്കേണ്ടതാണെന്നും 18 വയസിന് മുകളിലുള്ളവരിൽ വാക്സിനെടുക്കാൻ ബാക്കിയുള്ളവർ, അതുപോലെ രണ്ടാം ഡോസെടുക്കാൻ സമയം കഴിഞ്ഞവർ എത്രയും വേഗം വാക്സിൻ എടുക്കണമെന്നും ആരോഗ്യ മന്ത്രി അഭ്യർത്ഥിച്ചു. ഞായറാഴ്ച രാത്രി 5,02,700 ഡോസ് കോവാക്സിനാണ് കേരളത്തിലെത്തിയത്. ഇന്ന് എറണാകുളത്ത് 57,300 ഡോസ് കോവാക്സിൻ കൂടി എത്തിയിട്ടുണ്ട്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News