'റേഷന്‍കടയില്‍ എത്തിയവര്‍ക്കെല്ലാം ഓണക്കിറ്റ് നല്‍കി'; പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി മന്ത്രി

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ഓണാഘോഷത്തിനിടെ വിവാദമുണ്ടാക്കിയത് ശരിയായില്ലെന്നും ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ മീഡിയവണ്ണിനോട് പ്രതികരിച്ചു

Update: 2021-08-21 05:58 GMT
Editor : Shaheer | By : Web Desk
Advertising

പ്രതിപക്ഷത്തിന്റെ ഓണക്കിറ്റ് ആരോപണത്തോട് പ്രതികരിച്ച് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. സാധ്യമായതിന്റെ പരമാവധി ഓണക്കിറ്റ് വിതരണം ചെയ്തിട്ടുണ്ട്. റേഷന്‍കടയില്‍ എത്തിയവര്‍ക്കെല്ലാം കിറ്റ് നല്‍കിയിട്ടുണ്ട്. ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിയതെന്നും പ്രതിപക്ഷത്തിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും മന്ത്രി മീഡിയവണ്ണിനോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം വരെ ഓണക്കിറ്റ് വൈകുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷം ആരോപണമുയര്‍ത്തിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ഓണക്കിറ്റില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏലയ്ക്ക നിലവാരം കുറഞ്ഞതാണ്. തമിഴ്‌നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വിഡി സതീശന്‍ ആരോപിച്ചു.

എന്നാല്‍, ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് മന്ത്രി പറയുന്നത്. ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് കിറ്റിലെ ഭക്ഷ്യവസ്തുക്കള്‍ വാങ്ങിയത്. ഈ സമയത്ത് ഇത്തരമൊരു ആരോപണം ഉന്നയിച്ചത് നിര്‍ഭാഗ്യകരമാണ്. എല്ലാവരും ഓണാഘോഷത്തിലാണുള്ളത്. ഇത്തവണത്തെ ഓണവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. അത് അഭിമാനമായാണ് കരുതുന്നത്. ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിലാണെങ്കിലും ഓണക്കിറ്റ് വിതരണത്തിലാണെങ്കിലും മുന്‍പെന്നെത്താക്കളും വിപുലമായി കാര്യങ്ങള്‍ ചെയ്യാനായിട്ടുണ്ട്. ഇതേക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം അവരോട് ചോദിച്ചാല്‍ മനസിലാകും. ജനങ്ങള്‍ക്ക് തൃപ്തികരമായ അവസ്ഥയാണുള്ളതെന്നാണ് മനസിലായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തവണയും ഓണത്തിനുമുന്‍പ് കിറ്റ് വിതരണം പൂര്‍ത്തിയാക്കാനായിരുന്നില്ല. പ്രത്യേക സാഹചര്യം കാരണം ഓണം കഴിഞ്ഞിട്ടാണ് വിതരണം പൂര്‍ത്തിയാക്കാനായത്. ഇതേ സാഹചര്യമാണ് ഇദപ്പോഴും നിലനില്‍ക്കുന്നത്. എന്നാലും, ലക്ഷ്യമിട്ടതിന്റെ 75 ശതമാനം കിറ്റ് വിതരണം പൂര്‍ത്തിയാക്കാനായിട്ടുണ്ടെന്നത് നേട്ടമായി തന്നെയാണ് ഭക്ഷ്യവകുപ്പ് കാണുന്നത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News