പൂന്തുറയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു; ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു
ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. പത്ത് പേരാണ് നാല് വള്ളങ്ങളിലായി മത്സ്യബന്ധനത്തിനായി പോയത്.
പൂന്തുറയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. പൂന്തുറ സ്വദേശി ഡേവിഡ്സണ്‍ ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ഒരാള്‍ നീന്തി രക്ഷപ്പെട്ടു. കാണാതായ മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പത്ത് പേരാണ് ഇന്നലെ നാല് വള്ളങ്ങളിലായി മത്സ്യബന്ധനത്തിനായി പോയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. ശക്തമായ കടല്‍ക്ഷോഭം കാരണം വള്ളങ്ങള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഏഴ് പേരെ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. മന്ത്രിമാരായ ആന്‍റണി രാജുവും സജി ചെറിയാനും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കാണാനെത്തിയിരുന്നു. രാവിലെ തെരച്ചിലിനിറങ്ങാന്‍ കോസ്റ്റ് ഗാര്‍ഡ് അലംഭാവം കാട്ടിയെന്ന് പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് മന്ത്രിമാര്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ ഓഫീസില്‍ നേരിട്ടെത്തി നിര്‍ദേശം നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും തെരച്ചില്‍ ആരംഭിച്ചത്. ഈ തെരച്ചിലിലാണ് ഒരാളുടെ മൃതദേഹം ലഭിച്ചത്. നാവിക സേനയുടെ ഡോമിയർ വിമാനവും രക്ഷാപ്രവർത്തനത്തിനെത്തും. കോസ്റ്റ്ഗാർഡിന്‍റെ രണ്ട് കപ്പലുകൾ ഉൾക്കടലിൽ തെരച്ചിൽ നടത്തുന്നുണ്ടെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു.