സി.ഐ.ടി.യു സമരം: കണ്ണൂരില്‍ ഒരു സ്ഥാപനം കൂടി അടച്ചുപൂട്ടി

മാടായി തെരുവിലെ ശ്രീ പോർക്കലി സ്റ്റീൽസ് എന്ന ഹാർഡ് വെയർ സ്ഥാപനമാണ് തൊഴിൽ സമരത്തെ തുടർന്ന് അടച്ചത്

Update: 2022-03-16 01:21 GMT
Advertising

സിഐടിയു സമരത്തെ തുടർന്ന് കണ്ണൂരിൽ മറ്റൊരു സ്ഥാപനം കൂടി അടച്ചുപൂട്ടി. മാടായി തെരുവിലെ ശ്രീ പോർക്കലി സ്റ്റീൽസ് എന്ന ഹാർഡ് വെയർ സ്ഥാപനമാണ് തൊഴിൽ സമരത്തെ തുടർന്ന് അടച്ചത്. സിഐടിയു നേതാക്കളുടെ ഭീഷണി മൂലമാണ് സ്ഥാപനം അടച്ചു പൂട്ടുന്നതെന്ന് കടയുടമ പറഞ്ഞു.

കണ്ണൂർ മാതമംഗലത്ത് സിഐടിയു സമരത്തെ തുടർന്ന് ഹാർഡ് വെയർ സ്ഥാപനം അടച്ചു പൂട്ടിയത് ഏറെ വിവാദമായിരുന്നു. പിന്നാലെയാണ് തൊഴിൽ സമരത്തെ തുടർന്ന് കണ്ണൂരിൽ മറ്റൊരു സ്ഥാപനത്തിന് കൂടി പൂട്ടു വീഴുന്നത്. മാടായിത്തെരുവിലെ ശ്രീ പോർക്കലി സ്റ്റീൽസ് എന്ന ബിൽഡിംഗ് മെറ്റീരിയൽ സ്ഥാപനമാണ് സിഐടിയു സമരത്തെ തുടർന്ന് അടച്ചത്. കഴിഞ്ഞ മാസം 23നാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. പിന്നാലെ തൊഴിൽ നിഷേധം ആരോപിച്ച് കടക്ക് മുന്നിൽ സിഐടിയു സമരം തുടങ്ങി. യൂണിയൻ അംഗങ്ങളായ തൊഴിലാളികളെ കയറ്റിറക്കിന് നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിഐടിയു സമരം. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ കടയുടമ തയ്യാറായില്ല. ഇതോടെ കടയിലേക്കുള്ള കയറ്റിറക്ക് സിഐടിയു പ്രവർത്തകർ തടഞ്ഞു. പൊലീസിന്റെ മധ്യസ്ഥതയിൽ രണ്ട് വട്ടം ചർച്ച നടന്നെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് കട അടച്ചു പൂട്ടാൻ ഉടമകൾ തീരുമാനിച്ചത്.

ബാങ്കിൽ നിന്നും മറ്റും കടമെടുത്താണ് 70 ലക്ഷത്തോളം രൂപയുടെ സാധങ്ങൾ വാങ്ങിയതെന്നും കടയുടമ പറയുന്നു. കടക്ക് മുന്നിൽ സിഐടിയു നടത്തുന്ന സമരം തടയണമെന്നാവശ്യപ്പെട്ട് കടയുടമ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News