സിദ്ധാർഥ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രതികളായ ഒരാൾ കൂടി കോടതിയിൽ കീഴടങ്ങി
കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം പതിനൊന്നായി
വയനാട്:പൂക്കോട് വെറ്ററിനറി കോളജിൽ മർദ്ദനത്തെയും ആൾക്കൂട്ട വിചാരണയെയും തുടർന്ന് വിദ്യാർഥിയായ സിദ്ധാർഥ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളായ ഒരാൾ കൂടി കോടതിയിൽ കീഴടങ്ങി. മലപ്പുറം സ്വദേശിയും പൂക്കോട് വെറ്റിറിനറി കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയുമായ അമീൻ അക്ബർ അലിയാണ് കൽപ്പറ്റ ജെ എഫ്..സി.എം. കോടതിയിൽ നേരിട്ട് കീഴടങ്ങിയത്. ഇതോടെ ഈ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം പതിനൊന്നായി.
വെറ്ററിനറി കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിരുന്നു.
20 പ്രതികളാണ് കേസിലുള്ളതെന്നും മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണസംഘം അറിയിച്ചു.കേസിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാകുമെന്ന് അന്വേഷണ സംഘം പറയുന്നു.അതിനിടെ മർദന വിവരം അറിയാൻ വൈകി എന്നും അറിഞ്ഞയുടൻ നടപടിയെടുത്തെന്നും സർവകലാശാല രജസിട്രാർക്ക് വിശദീകരണം നൽകി.കേസിൽ പ്രതികളായ ആറ് പേരെ കൂടി കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു.
മുഴുവൻ പ്രതികളെയും പിടികൂടണമെന്നും പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റി ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാര സമരം തുടരുകയാണ്.
എസ്.എഫ്.ഐ നേതാക്കളായ കോളേജ് യൂണിയൻ ചെയർമാനും യൂണിറ്റ് സെക്രട്ടറിയും ഇന്നലെ കീഴടങ്ങിയിരുന്നു. കോളേജ് യൂണിയൻ ചെയർമാനും താഴെ കണിയാരം കേളോത്ത് വീട്ടിൽ കെ. അരുൺ, എസ്.എഫ്.ഐ.കോളേജ് യൂണിറ്റ് സെക്രട്ടറിയും മാനന്തവാടി ക്ലബ്ബ് കുന്ന് സ്വദേശിയുമായ അമൽ ഇഹ്സാനുമാണ് കീഴടങ്ങിയത്. രണ്ടു പേരും ഇന്ന് രാത്രി കൽപ്പറ്റ ഡി.വൈ.എസ്.പിക്ക് മുന്നിലാണ് കീഴടങ്ങിയത്.
ബി.വി.എസ്.സി രണ്ടാംവർഷ വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരിക്കും മുമ്പ് സിദ്ധാർഥന് ക്രൂരമർദനം നേരിടേണ്ടിവന്നുവെന്ന് തെളിയിക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൂന്നുദിവസം ഭക്ഷണംപോലും നൽകാതെ തുടർച്ചയായി മർദ്ദിച്ചെന്നും ആരോപണമുണ്ടായിരുന്നു.
കേസിൽ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി എസ്. അഭിഷേക് അടക്കം ആറ് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്യായമായി തടഞ്ഞുവെക്കൽ, സംഘം ചേർന്ന് മർദിക്കൽ, മാരകായുങ്ങളുപയോഗിച്ച് പരിക്കേൽപിക്കൽ എന്നീ വകുപ്പുകൾക്കൊപ്പം റാഗിങ് നിരോധന നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും കോളജ് യൂനിയൻ പ്രസിഡന്റും അടക്കം 12 വിദ്യാർഥികളെ ദിവസങ്ങൾക്കുശേഷം സസ്പെൻഡ് ചെയ്തിരുന്നു. കൂടുതൽ പ്രതിഷേധം ഉയർന്നതോടെ ഇവരെ പ്രതികളാക്കി പിന്നീട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
മുഖ്യപ്രതി കെ. അഖിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഒന്നാം വർഷ വിദ്യാർഥിയായ അഖിലാണ് കുറ്റവിചാരണയും ആക്രമണവും ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത വിദ്യാർഥികളിൽ 10 പേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് സൂചനയുണ്ട്.
വിദ്യാർഥിയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോളജിൽ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. എം.എസ്.എഫ്, കെ.എസ്.യു, എ.ബി.വി.പി സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
അതെ സമയം സിദ്ധാർത്ഥിൻ്റെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വയനാട് എസ്.പിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടം. കൽപ്പറ്റ ഡിവൈ.എസ്.പിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. ഒരു ഡിവൈ.എസ്.പിയെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തും. സംസ്ഥാന പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പുതിയ സംഘത്തെ രൂപീകരിച്ചത്.