മണൽ മാഫിയക്കെതിരെ പോരാടിയ ഡാര്‍ളി അമ്മൂമ്മ വിടവാങ്ങി

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം

Update: 2023-03-16 01:49 GMT
Editor : Jaisy Thomas | By : Web Desk

ഡാർളി അമ്മൂമ്മ

Advertising

തിരുവനന്തപുരം: മണൽ മാഫിയക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയയായ ഡാർളി അമ്മൂമ്മ അന്തരിച്ചു. നെയ്യാറിന്‍റെ സംരക്ഷണത്തിനായി ജീവിതം പകുത്തു വെച്ചൊരാളാണ് യാത്രയാകുന്നത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

ഒറ്റയാൾ പോരാട്ടത്തിന്‍റെ മറുപേരാണ് ഡാർളി. നെയ്യാറിന്‍റെ സംരക്ഷണത്തിനായിരുന്നു ജീവിതം മുഴുവൻ. ഓലത്താന്നിയിലെ നെയ്യാറിന്‍റെ തീരത്ത് ഒരു കുടിലിലായിരുന്നു ജീവിതം. ചുറ്റോറും മണലെടുത്ത് കുടിലിനെ നെയ്യാറെടുക്കുമെന്നായപ്പോൾ തുടങ്ങിയതാണ് പോരാട്ടം. വീടിനു ചുറ്റുമുള്ള സ്ഥലം മണൽമാഫിയ ഇടിച്ചതിനെത്തുടർന്ന് ഡാർളി അമ്മൂമ്മയുടെ വീട് നദിയുടെ മധ്യത്തിലായെങ്കിലും മണൽ മാഫിയകളുടെ ഭീഷണികളെ വകവെച്ചില്ല.

കരാറുകാർ ഭൂമിക്ക് പൊന്നുവില പറഞ്ഞെങ്കിലും മണലൂറ്റിന് ഭൂമി നൽകാൻ ഡാർളിയുടെ മനസനുവദിച്ചില്ല.വീട്ടിലേക്കുള്ള വഴിയിൽ മുളകൊണ്ട് താത്കാലിക പാലം നിർമ്മിച്ച് താമസം തുടർന്നു. കഴിഞ്ഞ പ്രളയകാലത്ത് നെയ്യാർ നിറഞ്ഞ് ഒഴുകി താൽക്കാലിക പാലം തകർന്നതോടെയാണ് താമസം മാറിയത്. ബന്ധുവീട്ടിലേക്കും പിന്നീട് പരിസ്ഥിതി പ്രവർത്തകയായ ചന്ദ്രികയുടെ വീട്ടിലേക്കും താമസം മാറിയ ഡാർളിയമ്മൂമ്മയെ ഒടുവിൽ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് അന്ത്യം. തലമുറകളിലേക്ക് പോരാട്ട വീര്യം പകർന്നു നൽകിയാണ് ഡാർളി അമ്മൂമ്മയുടെ മടക്കം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News