സംസ്ഥാനത്ത് ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ ഒരാഴ്ച കൂടി നീട്ടി
മുഴുവൻ കുട്ടികൾക്കും ക്ലാസ് ലഭിക്കുന്നു എന്ന് ഉറപ്പാക്കാനാണ് ട്രയൽ സംപ്രേഷണം നീട്ടിയത്
സംസ്ഥാനത്ത് ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ ഒരാഴ്ച നീട്ടി. കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ ജൂൺ 18 വരെയാണ് നീട്ടിയത്. മുഴുവൻ കുട്ടികൾക്കും ക്ലാസ് ലഭിക്കുന്നു എന്ന് ഉറപ്പാക്കാനാണ് ട്രയൽ സംപ്രേഷണം ഒരാഴ്ചകൂടി നീട്ടിയതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
നേരത്തെ ആദിവാസി മലയോര മേഖലകളിൽ വേണ്ടത്ര പഠന സൗകര്യങ്ങൾ കിട്ടുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായിട്ടാണ് വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ റൺ നീട്ടിയത്. പ്രീ പ്രൈമറി മുതൽ പത്തുവരെ ക്ലാസുകൾ ജൂൺ ആദ്യവാരം സംപ്രേഷണം ചെയ്തതിന്‍റെ പുനഃസംപ്രേഷണമായിരിക്കും ജൂൺ 14 മുതൽ 18 വരെ നടക്കുക. ജൂൺ 21 മുതൽ പുതിയ ക്ലാസുകൾ സംപ്രേക്ഷണം ചെയ്യും.
പ്ലസ് ടു ക്ലാസുകൾ നേരത്തെ പ്രഖ്യാപിച്ചപോലെ ജൂൺ 7 മുതൽ 11 വരെയുള്ള ക്ലാസുകളുടെ അതേ ക്രമത്തിൽ ജൂൺ 14 മുതൽ 18 പുനഃസംപ്രേഷണം ചെയ്യും. ഈ ആഴ്ച കലാ-കായിക-മാനസികാരോഗ്യ ക്ലാസുകളും വിദഗ്ധരുടെ സന്ദേശങ്ങളും സംപ്രേഷണം ചെയ്യുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.