ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്നു: ജാഗ്രതയിലൂടെ തട്ടിപ്പിനെ തടയാം
സാമ്പത്തിക ഇടപാടുകളില്‍ പരിപാലിക്കേണ്ട സൂക്ഷ്മതയെക്കുറിച്ച് കൃത്യമായി ധാരണയില്ലാതെ പോകുന്നതാണ് തട്ടിപ്പ് സംഘങ്ങള്‍ക്ക് വളമാകുന്നത്.
ഇടപാടുകളില്‍ സൂക്ഷ്മത പുലര്‍ത്തിയാല്‍ നമ്മളോരോരുത്തര്‍ക്കും തടയാന്‍ കഴിയുന്നതാണ് ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഭൂരിഭാഗവും. സാമ്പത്തിക ഇടപാടുകളില്‍ പരിപാലിക്കേണ്ട സൂക്ഷ്മതയെക്കുറിച്ച് കൃത്യമായി ധാരണയില്ലാതെ പോകുന്നതാണ് തട്ടിപ്പ് സംഘങ്ങള്‍ക്ക് വളമാകുന്നത്.
കളിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് മാത്രം ഓണ്‍ലൈന്‍ തട്ടിപ്പില്‍ 300 ശതമാനത്തിലേറെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ വലിയൊരു ശതമാനവും ഒടിപി നമ്പറുകള്‍ തട്ടിയെടുത്ത് നടത്തിയവയാണ്. നമ്മുടെ ഫോണിലേക്ക് ലഭിക്കുന്ന ഒടിപി നമ്പറുകള്‍ ഒരിക്കലും കൈമാറപ്പെടാന്‍ പാടില്ല എന്നതാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യം. ബാങ്കിനടക്കം ആര്‍ക്കും ഒടിപി നമ്പറുകള്‍ ആവശ്യപ്പെടാനുള്ള അവകാശമില്ല.
ജോലിക്കോ, വലിയ തുകയുടെ ലോട്ടറിയടിച്ചതിനോ വിലപ്പെട്ട സമ്മാനങ്ങളോ ലഭിച്ചതിനോ ഇത്ര രൂപ നികുതിയായി അടക്കണമെന്നുള്ള സന്ദേശങ്ങള്‍ നമുക്ക് ലഭിക്കുന്നുവെങ്കില്‍ അതൊരു തട്ടിപ്പാണെന്ന് മനസ്സിലാക്കുക. അവര്‍ ആവശ്യപ്പെടുന്ന പണം ഒരിക്കലും നല്‍കാതിരിക്കുക. വായ്പ മോറട്ടോറിയത്തിന്റെ പേരിലും നമ്മുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കപ്പെടും.
ഫോണിലോ ലാപ്ടോപ്പുകളിലോ ബാങ്ക് വിവരങ്ങള്‍. യൂസര്‍ ഐഡി പാസ് വേഡ് എന്നിവ സേവ് ചെയ്യരുത്. കോവിഡ് കാലത്ത് മീറ്റിങുകള്‍ക്കും മറ്റും ഉപയോഗിക്കുന്ന ആപ്പുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക എന്നതാണ് മറ്റൊരു പ്രധാനകാര്യം.