ഇനി വിശ്രമം; പരാതികളും പരിഭവങ്ങളും തീർപ്പാക്കി ഉമ്മൻ ചാണ്ടി മടങ്ങി

പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലെ പ്രത്യേകം ക്രമീകരിച്ച കല്ലറയിൽ ഉമ്മൻ ചാണ്ടിക്ക് അന്ത്യനിദ്ര

Update: 2023-07-21 00:39 GMT
Advertising

കോട്ടയം: അവസാന ജനസമ്പർക്കവും ഭംഗിയായി നിറവേറ്റി ഉമ്മൻ ചാണ്ടി മടങ്ങി. പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലെ പ്രത്യേകം ക്രമീകരിച്ച കല്ലറയിൽ ഇനി 'കുഞ്ഞൂഞ്ഞി'ന് വിശ്രമം. പുലർച്ചെ 12 മണിയോടെ മൃതദേഹം സംസ്‌കരിച്ചു.

കുടുംബത്തിന്റെ പ്രത്യേക ആവശ്യപ്രകാരം സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കിയായിരുന്നു സംസ്‌കാര ചടങ്ങുകൾ. സംസ്‌കാരചടങ്ങുകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയാണ് മുഖ്യകാർമികത്വം വഹിച്ചത്. കർദിനാൾ മാർ ആലഞ്ചേരിയും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു.

വിലാപയാത്രയിലുടനീളം കൂടെയുണ്ടായിരുന്നു കുടുംബാംഗങ്ങളും സന്തതസഹചാരികളായ പാർട്ടി പ്രവർത്തകരും. വി.ഡി സതീശനും രമേശ് ചെന്നിത്തലയുമൊന്നും 'ചാണ്ടി സാറി'നടുത്ത് നിന്ന് മാറിയതേയില്ല. കരച്ചിലടക്കാൻ പാടു പെടുമ്പോഴും പ്രിയനേതാവിനെ കാണാനെത്തിയ ജനലക്ഷങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ടായിരുന്നു അവർ. വഴിക്കിരുവശവും സ്‌നേഹാദരങ്ങളർപ്പിച്ച് നിന്ന ലക്ഷോപലക്ഷം ആളുകൾക്ക് മുന്നിൽ തൊഴുകൈകളോടെ നിന്നു മകൻ ചാണ്ടി ഉമ്മൻ.

ഉമ്മൻചാണ്ടി പുതുപ്പള്ളിയിലുള്ളപ്പോൾ ആളുകളുടെ പരാതികൾ കേട്ടിരുന്നയിടമാണ് കരോട്ടുവള്ളിക്കാലിൽ വീട്. 'ചാണ്ടി സാറു'ള്ളപ്പോൾ നിറഞ്ഞു കവിയും ഈ വീടും പരിസരവും. ഉമ്മൻ ചാണ്ടിക്കതാണിഷ്ടവും. ആരുടെയും പരാതികൾ കേൾക്കാതെ വിടില്ല, ആരുടെയും പരിഭവം കാണാതെയുമിരിക്കില്ല. എന്നാലിത്തവണ അതുണ്ടായില്ല എന്ന് മാത്രം. കരോട്ടുവീട്ടിൽ തന്നെ കാണാനെത്തിയവർക്ക് മുന്നിൽ നിശ്ചലനായി കുഞ്ഞൂഞ്ഞ് കിടന്നു. ആ കാഴ്ച കണ്ട് പുതുപ്പള്ളിയുടെ ഹൃദയവും മുറിഞ്ഞു. കരോട്ടു വീട്ടിലെയും നിർമാണം നടക്കുന്ന സ്വവസതിയിലെയും പ്രാർഥനകൾ കഴിഞ്ഞ ശേഷമാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം പള്ളിയിലേക്കെടുത്തത്. പള്ളിയിലും പതിനായിരങ്ങൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എല്ലാവർക്കും അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണണം, ഇനി പതിവുപോലെ ഞായറാഴ്ചക്കുർബാനക്ക് കുഞ്ഞൂഞ്ഞില്ലല്ലോ...

ആർത്തിരമ്പുന്ന ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു ഇന്നലെ തിരുവനന്തപുരം മുതൽ ഇന്ന് വൈകുന്നേരം പുതുപ്പള്ളി വരെ ഉമ്മൻ ചാണ്ടിയുടെ യാത്ര. നിശ്ചയിച്ചിരുന്ന സമയക്രമങ്ങളെല്ലാം ഇന്നലെ തന്നെ തെറ്റിയിരുന്നു.

തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ നാല് ജില്ലകൾ മാത്രമായിരുന്നു പിന്നിടാനുണ്ടായിരുന്നത്. എന്നാലിതിന് വേണ്ടി വന്നത് 35 മണിക്കൂർ. ഇന്നലെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞത് പോലെ, എത്ര നേതാക്കൾ നമ്മെ വിട്ടു പോയിട്ടുണ്ട്, പക്ഷേ ഇങ്ങനെയൊരു യാത്രയയപ്പ് ആർക്കൊക്കെ നൽകി? വെറുതേ ഒന്ന് കണ്ടു പോകാൻ വന്നവരായിരുന്നില്ല രാത്രി വൈകിയും വഴിയിൽ കാത്തു നിന്നവർ. അവർക്കൊക്കെയും എന്തെങ്കിലുമൊക്കെ പറയാനുണ്ടായിരുന്നു... ഉമ്മൻ ചാണ്ടി അവർക്ക് നൽകിയതിന്റെ, ഉമ്മൻ ചാണ്ടിക്കവർ നൽകിയതിന്റെ സ്‌നേഹത്തിന്റെയും പരിഗണനയുടെയും കഥകൾ. മൃതദേഹം വഹിക്കുന്ന വണ്ടിയിൽ പലരും കൈവെച്ച് പ്രാർഥിക്കുന്നുണ്ടായിരുന്നു. ചിലർ ക്ഷണനേരത്തിലൊന്ന് ചുംബിച്ചു. ആ വണ്ടിയിലുള്ളത് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി മാത്രമല്ലവർക്ക്, തങ്ങളുടെ കണ്ണീരു കണ്ട, മനസ്സറിഞ്ഞ പ്രിയനേതാവാണ്.

ആർത്തിരമ്പുന്ന ജനസാഗരം പുതിയ കാഴ്ചയായിരുന്നില്ല ഉമ്മൻ ചാണ്ടിക്ക്. തന്റെ രാഷ്ട്രീയജീവിതത്തിലുടനീളം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നതും അത്തരം കാഴ്ചകളായിരുന്നു. ചുവപ്പു നാടയിൽ കുരുങ്ങിയ എത്രയെത്ര ജീവിതങ്ങളാണ് അദ്ദേഹം ഒരൊറ്റ ഒപ്പിൽ വേർപെടുത്തി എടുത്തത്. ഇന്നും ഉമ്മൻചാണ്ടിയെന്നാൽ ജനസമ്പർക്കം പരിപാടിയും ജനങ്ങൾക്ക് നടുവിലുള്ള അദ്ദേഹത്തിന്റെ ആ ഇരിപ്പുമാണ് മലയാളികൾക്ക്. അതുകൊണ്ടാണല്ലോ ഇത്തരത്തിലൊരു യാത്രാമൊഴി അദ്ദേഹത്തിന് മാത്രം ലഭിച്ചതും...

വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം അന്തിമോപചാരം അർപ്പിക്കാൻ കാത്തു നിന്നത് പതിനായിരങ്ങളാണ്. മണിക്കൂറുകൾ പിന്നിട്ടിട്ടും കാത്ത് നിന്നവരുടെ എണ്ണത്തിൽ യാതൊരു കുറവും വന്നില്ല. പിന്നിട്ട വഴികളിലെല്ലാം സ്ത്രീകളും കുട്ടികളും ഉൾപ്പടെ പതിനായിരങ്ങൾ പ്രിയ കുഞ്ഞൂഞ്ഞിനെ കാണാൻ എത്തി. തിരുവനന്തപുരത്ത് നിന്നും കോട്ടയം തിരുനക്കര മൈതാനിയിലേക്കുള്ള ദൂരം 150 കിലോമീറ്ററാണ്. 20 മണിക്കൂറുകൾ പിന്നിട്ടപ്പോഴും താണ്ടാനായത് പകുതിയിലേറെ ദൂരം മാത്രമായിരുന്നു.

തിരുവനന്തപുരത്തുനിന്ന് ബുധനാഴ്ച രാവിലെ ആരംഭിച്ച വിലാപയാത്ര ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. കോട്ടയത്തെത്തുന്നത് വ്യാഴാഴ്ച രാവിലെ ആറുമണിക്ക് ശേഷവും...

Full View

മണിക്കൂറുകൾ പിന്നിടുമ്പോഴും വൻജനാവലിയാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ തടിച്ച് കൂടിയത്. കേരളത്തിന്റെ തെരുവുകൾ കണ്ണീർ കടലായി മാറി. വികാര നിർഭരമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചായിരുന്നു ഓരോ സ്ഥലത്തും വിലാപയാത്ര കടന്നു പോയത്.. സൗമ്യമായ പുഞ്ചിരി തൂകിയ മുഖം ഇനിയില്ല എന്ന തിരിച്ചറിവിൽ കേരള ജനത റോഡിന്റെ ഇരുവശങ്ങളിൽ നിന്നും വിങ്ങിപ്പൊട്ടി. 

ഏകാന്തതയെ വെറുത്തിരുന്ന പ്രിയപ്പെട്ട ചാണ്ടി സാറിന്റെ കൂടെത്തന്നെ നിന്നു അദ്ദേഹത്തിന്റെ പ്രിയജനം. ഒരിടത്തും ഒരിക്കലും അദ്ദേഹം തനിച്ചായില്ല. അല്ലെങ്കിലും ജനങ്ങൾക്ക് വേണ്ടി ജീവിച്ചവരെ വിട്ട് ജനമെവിടെ പോകാൻ... 'ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന് വിലാപയാത്രയിലുടനീളം ജനം വെറുതെ ആവർത്തിക്കുകയല്ലായിരുന്നുവല്ലോ... ഓരോ തവണ ആ വാചകം ഏറ്റു ചൊല്ലുമ്പോഴും അവരുടെ കണ്ഠമിടറുക തന്നെ ആയിരുന്നല്ലോ...

 

 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News