ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ബെംഗളൂരുവിലേക്ക് മാറ്റിയേക്കും
സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡ് സംഘം ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ബെംഗളൂരുവിലേക്ക് മാറ്റിയേക്കും. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ഉമ്മൻചാണ്ടിയെ എയർ ആംബുലൻസിൽ ആയിരിക്കും ബെംഗളൂരുവിലേക്ക് മാറ്റുക. സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡ് സംഘം ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം തലവൻ തോമസ് ഐപ്പിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്. റിപ്പോർട്ട് ഉടൻ സർക്കാറിന് കൈമാറും.
ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണവുമായി സഹോദരന്‍ അലക്സ് വി.ചാണ്ടി രംഗത്തെത്തിയിരുന്നു. ചികിത്സ നടത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അലക്സ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മുതിര്‍ന്ന നേതാക്കളായ എ.കെ ആന്‍റണിയും എം.എം ഹസനും ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ വീട്ടിലെത്തി കഴിഞ്ഞ ദിവസം സന്ദർശിച്ചു.തൊണ്ടയിലെ റേഡിയേഷന്‍ ചികിത്സക്കായി ഉമ്മന്‍ചാണ്ടിയെ ബംഗളുരുവില്‍ കൊണ്ടു പോകാന്‍ വൈകിയതോടെയാണ് സഹോദരന്‍ പരാതിയുമായി എത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ഭാര്യയും മകനുമാണ് ചികിത്സ നിഷേധിക്കുന്നതെന്നാണ് പരാതി. ഇളയ മകള്‍ അച്ചു ഉമ്മനും തന്‍റെ പരാതിക്കൊപ്പമുണ്ടെന്ന് സഹോദരന്‍ ആരോപിച്ചിരുന്നു.