ഓപ്പറേഷൻ ഫോക്കസ് 3; ഇന്ന് 134 ബസുകൾക്കെതിരെ നടപടി
2,16,000 രൂപ പിഴ ചുമത്തി.
തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ കർശന പരിശോധന തുടരുന്നു. ബ്ലാക്ക് ലിസ്റ്റിൽ പെട്ട ബസുകളുടെ പട്ടിക തയ്യാറാക്കാൻ ഗതാഗത സെക്രട്ടറി എംവിഡിക്ക് നിർദ്ദേശം നൽകി. ഇന്ന് മുതൽ 16-ാം തീയതി വരെ ഓപ്പറേഷൻ ഫോക്കസ് 3 എന്ന പേരിൽ പ്രത്യേക പരിശോധന നടക്കും. ഇന്ന് നടത്തിയ പരിശോധനയിൽ 134 ബസുകൾക്കെതിരെയാണ് നടപടിയെടുത്തത്. 2,16,000 രൂപ പിഴ ചുമത്തി.
വടക്കഞ്ചേരിയിൽ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കുന്നത്. നിയമലംഘനം നടത്തുന്ന ബസുകൾ സ്‌കൂൾ, കോളേജ് വിനോദയാത്രകൾക്ക് അനുവദിക്കില്ല. വാഹനങ്ങളിലെ സ്പീഡ് ഗവേർണർ അഴിച്ചുമാറ്റുന്നതിൽ ഡീലർമാർക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നുവെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡീലർമാരുടെ ഷോറൂമുകളിലടക്കം പരിശോധന നടത്തും.
എറണാകുളത്ത് മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ 31 ടൂറിസ്റ്റ് ബസുകളിൽ നിയമലംഘനം കണ്ടെത്തി. ബസുടമകൾക്കെതിരെ കേസെടുത്തു. തിരുവനന്തപുരത്തും കോഴിക്കോടും പാലിയേക്കരയിലും മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തി. ബസിന്റെ ഫിറ്റ്നസ് ഇല്ലാത്തതിനാൽ കൊടുങ്ങല്ലൂർ കോട്ടപ്പുറം സ്‌കൂളിലെ വിനോദയാത്ര മോട്ടോർ വാഹനവകുപ്പ് തടഞ്ഞു.
പത്തനംതിട്ട റാന്നിയിൽ നിന്ന് വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് ആർടിഒ ഉദ്യോഗസ്ഥർ പിടികൂടി. ടൂറിസ്റ്റ് ബസിനു ആവശ്യമായ അനുമതി സ്‌കൂൾ അധികൃതർ വാങ്ങിയില്ല എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡ്രൈവിങ്ങിനിടെ വാട്സ്ആപ് ഉപയോഗിച്ച ഡ്രൈവറെ കണ്ണൂരിൽ ആർടിഒ എൻഫോഴ്സ്മെന്റ് പിടികൂടി. കണ്ണൂരിലെ സ്വകാര്യ ബസുകളിലും മോട്ടോർ വാഹനവകുപ്പ് ഇന്ന് പരിശോധന നടത്തി. ഇടുക്കിയിൽ നിയമലംഘനം നടത്തിയ കെഎസ്ആർടിസി ഉൾപ്പടെ പതിമൂന്ന് ബസുകൾക്കെതിരെ നടപടിയെടുത്തു.