'ഓപ്പറേഷൻ മത്സ്യ': പിടിച്ചെടുത്തത് 1707 കിലോ കേടായ മത്സ്യം

ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ചെക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാരടങ്ങുന്ന സ്പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ച് രാത്രിയും പകലുമായി പരിശോധനകൾ തുടരുകയാണ്.

Update: 2022-04-23 12:44 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായുള്ള 'ഓപ്പറേഷൻ മത്സ്യ' വഴി 1706.88 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം പിടിച്ചെടുത്തതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി പ്രധാന ചെക്ക് പോസ്റ്റുകൾ, ഹാർബറുകൾ, മത്സ്യ വിതരണ കേന്ദ്രങ്ങൾ ഉൾപ്പെടെ 1070 പരിശോധനകളാണ് നടത്തിയത്. ഈ കേന്ദ്രങ്ങളിൽ നിന്നും ശേഖരിച്ച 809 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതോടെ ഈ കാലയളവിൽ 3631.88 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യമാണ് നശിപ്പിച്ചത്. റാപ്പിഡ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയ 579 പരിശോധനയിൽ ആലുവ, തൊടുപുഴ, നെടുംങ്കണ്ടം, മലപ്പുറം എന്നിവിടങ്ങളിലെ ഒമ്പത് സാമ്പിളുകളിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഈ മത്സ്യം നശിപ്പിക്കുകയും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിച്ചു വരികയും ചെയ്യുന്നു. പരിശോധനയിൽ നൂനത കണ്ടെത്തിയ 53 പേർക്ക് നോട്ടീസുകൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ചെക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാരടങ്ങുന്ന സ്പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ച് രാത്രിയും പകലുമായി പരിശോധനകൾ തുടരുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മത്സ്യം പഴകിയതും രാസവസ്തുക്കൾ കലർന്നതുമാണോ എന്ന് പരിശോധിക്കുന്നതിന് എല്ലാ ചെക് പോസ്റ്റുകളിലും സ്പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ മാർക്കറ്റുകളിലും വിറ്റഴിക്കപ്പെടുന്ന മത്സ്യങ്ങളും പൊതുജനാരോഗ്യ പ്രശ്നങ്ങളില്ലാത്ത സുരക്ഷിതമായ മത്സ്യമാണെന്ന് ഉറപ്പാക്കുന്നതിന് സംസ്ഥാനത്തെ മുഴുവൻ മത്സ്യലേല കേന്ദ്രങ്ങൾ, ഹാർബറുകൾ, മൊത്തവിതരണ കേന്ദ്രങ്ങൾ, ചില്ലറ വിൽപ്പനശാലകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തി വരുന്നത്.

നിരന്തര പരിശോധന നടത്തി മീനിൽ രാസവസ്തുക്കളുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. അതിനായി കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെകനോളജി വികസിപ്പിച്ചെടുത്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചാണ് അമോണിയയുടെയും ഫോർമാലിന്റെയും സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കുന്നത്. അതോടൊപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലാബുകളിലും പരിശോധിക്കുന്നു. ഈ സംവിധാനത്തിലൂടെ സംസ്ഥാനത്തെ മത്സ്യവിപണനം രാസവസ്തു മുക്തമാണെന്ന് ഉറപ്പുവരുത്തുന്നു. മത്സ്യത്തിൽ രാസവസ്തു കലർത്തി വിൽപ്പന നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News