''ദലിത് ക്രിസ്ത്യാനിയുമായുള്ള പ്രണയം എതിര്‍ത്തു; ചോരക്കുഞ്ഞിനെ പ്രസവിച്ച മൂന്നാംനാള്‍ തട്ടിക്കൊണ്ടുപോയി''; സിപിഎം നേതാവിനെതിരെ മകളുടെ പരാതി

സിപിഎം പേരൂർക്കട ഏരിയ കമ്മിറ്റി അംഗം പിഎസ് ജയചന്ദ്രനെതിരെയാണ് മകളും എസ്എഫ്‌ഐ ഏരിയ ജോയിന്റ് സെക്രട്ടറിയുമായ അനുപമ പരാതിയുമായി രംഗത്തെത്തിയത്

Update: 2021-10-17 12:29 GMT
Editor : Shaheer | By : Web Desk
Advertising

ജന്മം നൽകിയ കുഞ്ഞിനു വേണ്ടി മാസങ്ങളായി അലയുകയാണ് തിരുവനന്തപുരത്ത് ഒരു അമ്മ. സ്വന്തം മാതാപിതാക്കൾ തന്നെയാണ് പ്രസവിച്ച് മൂന്നാം ദിവസം കുഞ്ഞിനെ അമ്മയിൽനിന്ന് വേർപ്പെടുത്തി ശിശുക്ഷേമ സമിതിയിൽ ഏൽപിച്ചത്. സിപിഎം പേരൂർക്കട ഏരിയ കമ്മിറ്റി അംഗം പിഎസ് ജയചന്ദ്രനെതിരെയാണ് മകൾ അനുപമ രംഗത്തെത്തിയത്.

പ്രസവിച്ച് മൂന്നാംനാൾ അമ്മയിൽനിന്ന് കുഞ്ഞിനെ മാറ്റി

ഡിവൈഎഫ്‌ഐ പേരൂർക്കട മേഖലാ പ്രസിഡന്റായിരുന്ന അജിത്തും എസ്എഫ്‌ഐ ഏരിയ ജോയിന്റ് സെക്രട്ടറി കൂടിയായ അനുപമയും തമ്മിൽ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.  അജിത്ത് ദലിത് ക്രിസ്ത്യാനിയായതിനാൽ കുടുംബം ബന്ധത്തെ എതിർത്തു. ഇതിനിടയിൽ അനുപമ ഗർഭിണിയാകുകയും ചെയ്തു. ഇതോടെ യുവതിയെ കുടുംബം വീട്ടിൽ പിടിച്ചുവച്ചു. അജിത്തുമായി സംസാരിക്കുന്നത് തടയുകയും ചെയ്തു.

തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബർ 19നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അനുപമ സിസേറിയനിലൂടെ കുഞ്ഞിന് ജന്മംനൽകിയത്. പ്രസവിച്ച് മൂന്നാം ദിവസം അച്ഛനും വീട്ടുകാരും കുഞ്ഞിനെ അനുപമയിൽനിന്ന് ബലംപ്രയോഗിച്ച് മാറ്റി. സഹോദരിയുടെ വിവാഹം കഴിഞ്ഞിട്ട് കുഞ്ഞിനെ തിരിച്ചുനൽകാമെന്നാണ് അന്ന് അച്ഛൻ പറഞ്ഞത്. ഇതിനിടയിൽ സഹോദരിയുടെ വിവാഹ ആവശ്യത്തിനെന്നു പറഞ്ഞ് അനുപമയിൽനിന്ന് പാര്‍ട്ടി വക്കീല്‍ അടക്കം രണ്ടുപേരെത്തി ഒപ്പിട്ടുവാങ്ങി. വിശദാംശങ്ങള്‍ ചോദിച്ചെങ്കിലും വെളിപ്പെടുത്തിയില്ല.

ഇതിനിടയിൽ അജിത് ആദ്യ ഭാര്യയിൽനിന്ന് വിവാഹമോചനം നേടി. എന്നാൽ, സഹോദരിയുടെ വിവാഹം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും കുടുംബം കുഞ്ഞിനെ അനുപമയ്ക്ക് തിരിച്ചുനൽകിയില്ല. ഇതോടെയാണ് കഴിഞ്ഞ ഏപ്രിലിൽ അനുപമ അജിത്തിനൊപ്പം പോയത്. കുട്ടിയെ തിരിച്ചുകിട്ടാനായി പേരൂർക്കട പൊലീസില്‍ നിരവധി തവണ സമീപിച്ചിട്ടും കാര്യമുണ്ടായില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്നെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപിച്ചിരുന്നുവെന്നാണ് പിന്നീട് ലഭിച്ച വിവരം.

പാർട്ടിയും തുണയായില്ല

തിരുവനന്തപുരം ജില്ലയിൽ സിപിഎമ്മിനെ കെട്ടിപ്പടുക്കുന്നതിൽ മുന്നിൽനിന്ന നേതാവായ പേരൂർക്കട സദാശിവന്റെ മകനാണ് അനുപമയുടെ അച്ഛൻ പിഎസ് ജയചന്ദ്രൻ. സിപിഎം സംസ്ഥാന സമിതി അംഗമായിരുന്നു സദാശിവൻ. അദ്ദേഹത്തിന്റെ ഭാര്യയെ തിരുവനന്തപുരം മേയറായും പരിഗണിച്ചിരുന്നു. ഇങ്ങനെ സജീവപാർട്ടി കുടുംബമാണ് ജയചന്ദ്രന്റേത്. പാര്‍ട്ടി ബന്ധം മകളുടെ കാര്യത്തിലും അച്ഛന്‍ ഉപയോഗിച്ചു.

അധികൃതരിൽനിന്ന് നീതി ലഭിക്കാതായതോടെ അനുപമയും അജിത്തും പാർട്ടിയെ പലതവണ സമീപിച്ചിരുന്നു. എന്നാൽ, ഒട്ടും അനുകൂലമായ പ്രതികരണമായിരുന്നില്ല ലഭിച്ചത്. സിപിഎം നേതാക്കളായ എ വിജയരാഘവൻ, കോടിയേരി ബാലകൃഷ്ണൻ, പി സതീദേവി, ആനാവൂർ നാഗപ്പൻ തുടങ്ങിയവരെയെല്ലാം കണ്ടു പരാതി ബോധിപ്പിച്ചു. ഒരിടത്തുനിന്നും അനുകൂലമായ ഇടപെടലുണ്ടായില്ല. പാർട്ടി സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യാമെന്ന് മുൻ മന്ത്രി ശ്രീമതി ടീച്ചർ അറിയിച്ചെങ്കിലും അതുമുണ്ടായില്ല. അമ്മയ്ക്കും അച്ഛനുമെതിരെ എങ്ങനെ നടപടിയെടുക്കുമെന്നു ചോദിക്കുകയും ചെയ്തു.

പിന്നീട് എകെജി സെന്ററുമായും നേരിട്ടും ഇ-മെയിൽ വഴിയും ബന്ധപ്പെട്ടു. അതിനും അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. ഒടുവിൽ ദേശീയ നേതാവ് വൃന്ദ കാരാട്ടിനെയും സമീപിച്ചു. അവർ മാത്രമായിരുന്നു വിഷയം പരിഗണിച്ചതെന്ന് അനുപമ പറയുന്നു. ഒടുവിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും ശിശുക്ഷേമ സമിതിക്കുമെല്ലാം പരാതി നൽകി. പരാതി നൽകി മാസങ്ങളായിട്ടും ഒരു തരത്തിലുമുള്ള ഇടപെടലുണ്ടായില്ലെന്ന് ഇവർ പറയുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News