റിയാസ് മൗലവി വധക്കേസ്: പ്രതികളെ രക്ഷപ്പെടുത്താൻ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്ന് പ്രതിപക്ഷ നേതാവ്
കേസ് സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. മനസാക്ഷിയെ മരവിപ്പിച്ച കൊലപാത കേസിലെ പ്രതികളെ വെറുതെ വിട്ടത് പൊലീസിന്റെ പരാജയമാണെന്നും വി.ഡി സതീശൻ
തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസിൽ ആര്‍.എസ്.എസുകാരായ പ്രതികളെ രക്ഷപ്പെടുത്താന്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.
കേസ് സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. മനസാക്ഷിയെ മരവിപ്പിച്ച കൊലപാത കേസിലെ പ്രതികളെ വെറുതെ വിട്ടത് പൊലീസിന്റെ പരാജയമാണെന്നും വി.ഡി സതീശൻ ആരോപിച്ചു.
റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ട കോടതി വിധി നിരാശാജനകമെന്ന് മുസ്‌ലിം ലീഗ് പ്രതികരിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ പള്ളിയിൽ ഉറങ്ങി കിടന്ന സാധുവായ മനുഷ്യനെ സംഘം ചേർന്ന് സംഘ്പരിവാർ കാപാലികർ കൊലപ്പെടുത്തി. കേസിനു ഈ ഗതി വരാനുള്ള കാരണം പോലീസിനും പ്രോസിക്യൂഷനും സംഭവിച്ച വീഴ്ചയാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞിരുന്നു.
കാസർകോട് മുഹമ്മദ് റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയാണ് വെറുതെ വിട്ടത്. ആര്‍.എസ്.എസ് പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.