'ഇത് കേരളമാണ്, മറക്കേണ്ട'; മുഖ്യമന്ത്രിയെ വിമർശിച്ച് വിഡി സതീശൻ
മനുഷ്യർ കടക്കെണിയിൽപെട്ട് ആത്മഹത്യയുടെ വക്കിൽനിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുകയാണെന്നും ഭീഷണി കേരളത്തിൽ വിലപ്പോകില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ വിഡി സതീശൻ വ്യക്തമാക്കി
മനസ്സിലാക്കി കളിച്ചാൽ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മോറട്ടോറിയവുമില്ല. സഹായങ്ങളുമില്ല. മനുഷ്യന്‍ കടക്കെണിയിൽപെട്ട് ആത്മഹത്യയുടെ വക്കിൽനിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുകയാണോ? ഇത് കേരളമാണ്. മറക്കേണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ വിഡി സതീശൻ വിമർശിച്ചു.
കടകൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നടത്തുന്ന പ്രതിഷേധം അതിരുവിട്ടാൽ നേരിടുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പ്രസ്താവന. വ്യാപാരികളുടെ വികാരം മനസ്സിലാക്കുന്നുവെന്നും അതിനൊപ്പം നിൽക്കുന്നുവെന്നും പറഞ്ഞ മുഖ്യമന്ത്രി വ്യാപാരികൾ മറ്റൊരു രീതിയിലേക്കു മാറിയാൽ നേരിടേണ്ട രീതിയിൽ നേരിടുമെന്നും മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അക്കാര്യത്തിൽ ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസ്സിലാക്കാൻ കഴിയും. അതിനൊപ്പം നിൽക്കുന്നതിനും വിഷമമില്ല. പക്ഷേ മറ്റൊരു രീതിയിൽ തുടങ്ങിയാൽ അതിനെ നേരിടേണ്ട രീതിയിൽ നേരിടും. അതു മനസ്സിലാക്കി കളിച്ചാൽ മതി. അത്രയേ പറയാനുള്ളൂ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
വ്യാപാരികളുടെ ആവശ്യം ഇപ്പോൾ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അവരുമായി ചർച്ച നടത്താൻ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ കടകളും എല്ലാ ദിവസവും തുറക്കാനാകില്ല. നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും തയാറാകണം. അവശ്യസാധനങ്ങളുടെ കടകൾ എട്ടുമണി തുറക്കാം. മൂന്നാം തരംഗം അടുത്തുണ്ട്. വലിയ ആശങ്ക ഉയർത്തുന്ന പ്രശ്നമാണിത്. അതുകൊണ്ടാണ് ആവർത്തിച്ച് ഇത്തരം കാര്യങ്ങൾ പറയേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.