പ്രതിപക്ഷ പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
നിയമസഭ ഈ മാസം 13 ന് താത്കാലികമായി നിർത്തിവെക്കും
തിരുവനന്തപുരം: പിൻവാതിൽ നിയമനത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സിപിഎമ്മിലെ വീതംവെപ്പിലെ തർക്കം മൂലമാണ് കോർപറേഷനിലെ കത്ത് പുറത്ത് വന്നതെന്നും കേരളത്തിൽ സമാന്തര റിക്രൂട്ടിങ് സംവിധാനമാണ് സിപിഎം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. അന്വേഷണം പൂർത്തിയാകും മുൻപ് കത്ത് വ്യാജമെന്ന് മന്ത്രി എങ്ങനെ പറയുന്നു എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ മന്ത്രിമാർ സംസാരിക്കാൻ എണീറ്റത് ബഹളത്തിൽ കലാശിക്കുകയായിരുന്നു. പ്രതിപക്ഷം മുദ്രാവാക്യങ്ങളുമായി നടുത്തളത്തിൽ എത്തിയതോടെ സഭാ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് ഇന്നത്തേക്ക് പിരിയുകയായിരുന്നു.
പിഎസ്.സി യെയും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി സംസ്ഥാന വ്യാപകമായി നിയമനം നടത്തുകയാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. വിഷയം സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പിസി വിഷ്ണു നാഥ് എംഎല്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കുകയായിരുന്നു.
എന്നാല്‍ കോർപറേഷനിൽ പിൻവാതിൽ നിയമനമെന്ന ആരോപണം മന്ത്രി എം ബി രാജേഷ് തള്ളി. പിണറായി സർക്കാരിന്റെ കാലത്ത് നടന്ന നിയമനങ്ങളുടെ കണക്ക് പറഞ്ഞ് പ്രതിരോധിച്ചു തുടങ്ങിയ തദ്ദേശമന്ത്രി പിന്നീട് യുഡിഎഫ് കാലത്തെ കത്തുകൾ ഒന്നൊന്നായി സഭയിൽ വായിച്ചു. ഇല്ലാത്ത കത്തിനെ കുറിച്ചാണ് പ്രതിപക്ഷം വിവാദം ഉണ്ടാക്കുന്നതെന്നും യുഡിഎഫിന്റെ ശുപാർശ കത്തുകൾ എണ്ണിയാൽ ഒരച്ഛൻ മകൾക്ക് അയച്ച കത്തുകളെക്കാൾ വലിയ ശേഖരമാകുമെന്ന് മന്ത്രി പരിഹസിച്ചു.
അതേസമയം ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ ബുധനാഴ്ച പരിഗണിക്കാൻ കാര്യോപദേശകസമിതി തീരുമാനിച്ചു. നിയമസഭ ഈ മാസം 13 ന് താത്കാലികമായി നിർത്തിവെക്കും. പതിനഞ്ച് വരെയായിരുന്നു നേരത്തെ സമ്മേളനം ചേരാൻ നിശ്ചയിച്ചിരുന്നത്. താത്കാലികമായി പിരിയുന്ന നിയമസഭ ജനുവരിയിൽ പുനരാരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാൻ വേണ്ടിയാണ് അനിശ്ചിതകാലത്തേക്ക് പിരിയുന്നത് ഒഴിവാക്കി താത്കാലികമായി നിർത്തിവെക്കുന്നത്.