"ബെഹ്റയെ പുറത്താക്കാൻ മുഖ്യമന്ത്രിയുടെ കൈയ്ക്ക് ബലമില്ലാത്തതെന്തുകൊണ്ട്?" മോൻസന്‍ കേസ് സഭയിലുന്നയിച്ച് പ്രതിപക്ഷം

ആരൊക്കെ സന്ദർശിച്ചെന്നും ചികിത്സ തേടിയെന്നും ജനങ്ങൾക്കറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു

Update: 2021-10-05 05:57 GMT
Editor : Nisri MK | By : Web Desk
Advertising

മോൺസന്‍ മാവുങ്കലിന് മുൻ ഡിജിപി ലോക് നാഥ് ബഹ്‌റ അടക്കമുള്ളവരുമായി അടുത്ത ബന്ധമെന്ന് പ്രതിപക്ഷം. നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. പ്രതിപക്ഷത്ത് നിന്ന് പിടി തോമസാണ് നോട്ടീസ് നൽകിയത്.  ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മോൺസനു സഹായം നൽകി. തട്ടിപ്പിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ബഹ്റയുമായുള്ള ഫോട്ടോ മോൺസന്‍ ദുരുപയോഗം ചെയ്തെന്നും പിടി തോമസ് ആരോപിച്ചു.  എന്നാൽ പൊലീസ് സുഖചികിത്സക്ക് തങ്ങിയിട്ടില്ലെന്നും മോൻസന്‍ മാവുങ്കലിനെ ആരൊക്കെ സന്ദർശിച്ചെന്നും ചികിത്സ തേടിയെന്നും ജനങ്ങൾക്കറിയാമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

"കോടികളുടെ തട്ടിപ്പ് സംബന്ധിച്ച് പരാതി സെപ്തംബര്‍ ഒമ്പതിനാണ് ലഭിച്ചത്. മുൻകൂർ ജാമ്യം തേടി രക്ഷപ്പെടാനുള്ള ശ്രമം പൊലിസ് തടഞ്ഞു. ആരെല്ലാം സന്ദർശിച്ചുവെന്നും, ചികിത്സ തേടിയെന്നും ജനങ്ങൾക്ക് അറിയാം. തട്ടിപ്പിന് കൂട്ട് നിന്നവരും, കൗതുകത്തിന് പോയവരും ഉണ്ടാകും. ആരൊക്കെ എന്തിനൊക്കെ പോയി എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംസ്ഥാന ഇന്‍റലിജന്‍സ് അന്വേഷിച്ചു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ  ഇഡിയ്ക്ക് കത്ത് നൽകി. പൊലീസ് സുഖചികിത്സയ്ക്ക് തങ്ങിയിട്ടില്ല. എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിൽ. പുരാവസ്തു സംബന്ധിച്ച് പരിശോധിക്കാൻ ആർക്കിയോജിക്കൽ സർവ്വെയ്ക്ക് കത്ത് നൽകി. ലൈംഗിക പീഡനത്തിനെതിരായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതും അന്വേഷിക്കുന്നുണ്ട്." - മുഖ്യമന്ത്രി മറുപടി പറഞ്ഞു.

"ഇന്‍റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടില്ല എന്നത് ജനം വിശ്വസിക്കില്ല. ഈ തട്ടിപ്പുകാരെല്ലാം കറങ്ങി തിരിഞ്ഞ് മുഖ്യമന്ത്രിയുടെ അടുത്ത് എത്തുന്നതെങ്ങനെ ? ബെഹറയെ പിടിച്ച് പുറത്താക്കാൻ അങ്ങയുടെ കൈയ്ക്ക് ബലം ഇല്ലാത്തത് എന്താണ് ? ആരോപണം നേരിടുന്ന ബഹ്റക്ക് ശമ്പളം വർധിപ്പിച്ച് നൽകി. ബഹ്റക്കെതിരെ സിഎജി റിപ്പോർട്ട് ഉണ്ടായിട്ടും കമാന്ന് ഒരക്ഷരം മിണ്ടിയില്ല. സുധാകാരന് ഒന്നും മറച്ചു വെക്കാനില്ല. സുധാകരൻ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു."- പി.ടി തോമസ് ആരോപിച്ചു.

"ഡോക്ടർ ആണെന്നു കരുതി പലരും ചികിത്സക്ക് പോയിട്ടുണ്ട്. അതൊരു വലിയ കുറ്റമായി കാണണ്ട. വ്യാജ ഡോക്ടർ ആണെങ്കിൽ അയാളുടെ മുന്നിൽ ആരെങ്കിലും പോകുമോ, വരുന്നവരുടെ ജാതകം പരിശോധിച്ചല്ല ഫോട്ടോക്ക് നിന്ന് കൊടുക്കുന്നത്. മോൺസനൊപ്പം മന്ത്രിമാർ നില്‍ക്കുന്ന ഫോട്ടോ വന്നു. മന്ത്രിമാർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് ഞങ്ങൾ പറഞ്ഞില്ല. പൊതുപ്രവർത്തകരുടെ ഇമേജ് വർഷങ്ങൾ കൊണ്ട് നേടിയെടുക്കുന്നത്. അന്താരാഷ്ട്ര തട്ടിപ്പുകാരനാണെന്ന് റിപ്പോർട്ടിൽ പറഞ്ഞിട്ടും പൊലിസ് മൗനം പാലിച്ചു. എന്നിട്ടും വീടിന് സംരക്ഷണം നൽകി. പരാതിക്കാരെ കുറിച്ചും അന്വേഷിക്കണം. പരാതിയിൽ പറയുന്ന സമയത്ത് സുധാകരൻ എംപിയല്ല. പൊലീസുമായുള്ള ബന്ധമാണ് തട്ടിപ്പിന് വിശ്വാസ്യത കൊടുത്തത്"-വി ഡി സതീശൻ പറഞ്ഞു.

എന്നാല്‍ സുരക്ഷ നൽകിയത് വീഴ്ചയാണെങ്കിൽ പൊലീസ് അന്വേഷണത്തിൽ വ്യക്തമാകട്ടെയെന്നും  ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചു.

Full View

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News