മുഖ്യമന്ത്രി രാജി വയ്ക്കണം; കോണ്‍ഗ്രസ് ഇന്നു കരിദിനമായി ആചരിക്കുന്നു

മുഖ്യമന്ത്രി അറിഞ്ഞ് തന്നെയാണ് സ്വർണക്കടത്ത് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു

Update: 2022-06-08 03:52 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണം ഏറ്റെടുത്ത് പ്രതിപക്ഷം. മുഖ്യമന്ത്രി അറിഞ്ഞ് തന്നെയാണ് സ്വർണക്കടത്ത് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് വിവിധ സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

മുഖ്യമന്ത്രിക്കെതിരായ ആരോപണം സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. സ്വപ്ന സുരേഷിന്‍റെ ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. അന്വേഷണം പൂർത്തിയാകും വരെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. സ്വപ്നയുടെ വെളിപ്പെടുത്തൽ അമ്പരിപ്പിക്കുന്നതാണെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ പ്രതികരണം.

വെളിപ്പെടുത്തലിന് പിന്നാലെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബിരിയാണി ചെമ്പുമായി എത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. യൂത്ത് ലീഗ് - യുവമോർച്ച പ്രവർത്തകരും സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധവുമായെത്തി. ഇരു മാർച്ചുകൾക്ക് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. വരും ദിവസങ്ങളിലും വിഷയം സജീവമാക്കി നിർത്താൻ തന്നെയാകും പ്രതിപക്ഷത്തിന്‍റെ ശ്രമം.

കോണ്‍ഗ്രസിന് ഇന്നു കരിദിനം

മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കരിങ്കൊടിയുമായി പ്രകടനം നടത്തും. യൂത്ത് കോൺഗ്രസും ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. മറ്റു ജില്ലകളില്‍ കലക്ട്രേറ്റിനു മുന്നിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും കലക്ട്രേറ്റ് മാര്‍ച്ച് നടത്തും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News