ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഓർഡിനൻസിനെ പിന്തുണക്കില്ല: വി.ഡി സതീശൻ

''ഗവർണർ സംഘ്പരിവാറുകാരെ വി.സിമാരായി നിയമിക്കുമെന്ന ഭയം പോലെ സർക്കാറും കമ്മ്യൂണിസ്റ്റുകാരെ തിരുകിക്കയറ്റുമോ എന്ന ഭയം പ്രതിപക്ഷത്തിനുണ്ട്''

Update: 2022-11-09 07:17 GMT
Advertising

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കാനുള്ള സർക്കാർ നീക്കത്തെ പ്രതിപക്ഷം എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സർവകലാശാലകളെ രാഷ്ട്രീയവത്കരിക്കാനാണ് സർക്കാർ നീക്കം. ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റിയാൽ ഇപ്പോൾ പിൻവാതിലിലൂടെ ബന്ധുക്കളെയും പാർട്ടി നേതാക്കളെയും നിയമിച്ചതുപോലെ സി.പി.എം എ.കെ.ജി സെന്ററിൽനിന്ന് വൈസ് ചാൻസലർമാരെ നിയമിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും സതീശൻ പറഞ്ഞു.

ബംഗാളിൽ ചെയ്തതുപോലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ളവരെ വി.സിമാരാക്കി ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ശ്രമിക്കുന്നത്. ഗവർണർ സംഘ്പരിവാറുകാരെ വി.സിമാരായി നിയമിക്കുമെന്ന ഭയം പോലെ സർക്കാറും കമ്മ്യൂണിസ്റ്റുകാരെ തിരുകിക്കയറ്റുമോ എന്ന ഭയം പ്രതിപക്ഷത്തിനുണ്ട്. ചാൻസലറെ മാറ്റേണ്ട ഒരു സാഹചര്യവും ഇവിടെയില്ല. സുപ്രിംകോടതി വിധിയെ മറികടന്നാണ് ധൃതിപ്പെട്ട് ഓർഡിനൻസ് ഇറക്കിയത്. അതിനെ പ്രതിപക്ഷം ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഓർഡിനൻസ് നിയമവകുപ്പ് ഇന്നാണ് സർക്കാറിന് കൈമാറിയത്. വിദ്യാഭ്യാസരംഗത്തെ വിദഗ്ധർക്ക് ചാൻസലർ ആകാം എന്നാണ് വ്യവസ്ഥ. ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News