വിദ്യാർഥികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം സ്വീകരിക്കുന്നതിന് കാസർകോട് കലക്ടർ ഇറക്കിയ ഉത്തരവ് പിൻവലിച്ചു
തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും കുട്ടികളെ ഉപയോഗിക്കാൻ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദേശം നൽകിയതിനെ തുടർന്നാണ് കലക്ടർ ഉത്തരവ് പിൻവലിച്ചത്.
കാസർകോട്: വിദ്യാർഥികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം സ്വീകരിക്കുന്നതിന് കാസർകോട് ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ഇറക്കിയ ഉത്തരവ് പിൻവലിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രക്ഷിതാവ് വോട്ട് ചെയ്യുമെന്ന് ഉറപ്പ് വരുത്താൻ സ്‌കൂളിൽ കുട്ടികളെക്കൊണ്ട് സത്യവാങ്മൂലം ഏഴുതിവാങ്ങിക്കുന്ന ബോധവൽക്കരണ പരിപാടി നിർത്തിവെക്കാനാണ് നിർദേശം നൽകിയത്. ജില്ലാ ഭരണകൂടവും തെരഞ്ഞെടുപ്പ് വിഭാഗവുമാണ് സത്യവാങ്മൂലം തയ്യാറാക്കി കൈമാറിയിരുന്നത്.
മാർച്ച് 20നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. 26ന് സ്‌കൂളുകളിൽ എല്ലാ ക്ലാസിലും ഈ സത്യവാങ്മൂലം വായിക്കണം. കുട്ടികൾ ഇത് എഴുതിയെടുത്ത് വീട്ടിൽ കൊണ്ടുപോയി രക്ഷിതാക്കളെക്കൊണ്ട് ഒപ്പുവെപ്പിച്ച് 27ന് തിരിച്ചേൽപ്പിക്കണം എന്നായിരുന്നു കലക്ടറുടെ ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും കുട്ടികളെ ഉപയോഗിക്കാൻ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദേശം നൽകിയതിനെ തുടർന്നാണ് കലക്ടർ ഉത്തരവ് പിൻവലിച്ചത്.