കോവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കാൻ ഉത്തരവ്
എപിഎൽ വിഭാഗക്കാര്‍ക്ക് ചികിത്സയ്ക്കായി കിടക്കയ്ക്ക് ഒരു ദിവസം 750 രൂപ മുതൽ 2000 രൂപവരെ ഈടാക്കാനാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്
കോവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കാൻ ഉത്തരവ്. എപിഎൽ വിഭാഗക്കാര്‍ക്ക് ചികിത്സയ്ക്കായി കിടക്കയ്ക്ക് ഒരു ദിവസം 750 രൂപ മുതൽ 2000 രൂപവരെ ഈടാക്കാനാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്. സ്വകാര്യ ആശുപത്രിയിൽ 2,645 രൂപ മുതൽ 15,180 വരെ ഈടാക്കാം. അതേസമയം മൂന്നാം തരംഗം നേരിടുന്നതിനായി 48 ആശുപത്രികളില്‍ പീഡിയാട്രിക് സംവിധാനങ്ങള്‍ ഒരുക്കും.
സംസ്ഥാനത്ത് ഇത്രനാളും സൗജന്യമായിരുന്ന കോവിഡാനന്തര ചികിത്സ ഇനിമുതല്‍ ബി.പി.എൽ കാർഡുകാർക്കും കാസപ് ചികിത്സ കാർഡ് ഉള്ളവർക്കും മാത്രം. സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്ന കോവിഡാനന്തര രോഗമുള്ള എ.പി.എൽ കാർഡുകാർ ഇനി മുതൽ പണം അടയ്ക്കണം. ജനറൽ വാർഡിൽ 750 രൂപയും, എച്ച്ഡിയു 1250 രൂപയും, ഐ.സി.യു 1500 രൂപയും, ഐ.സി.യു വെന്റിലേറ്ററിന് 2000 രൂപയുമാണ് സർക്കാർ ആശുപത്രിയിലെ നിരക്ക്. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കും നിരക്ക് ബാധകമാണ്. 4800 രൂപ മുതൽ 27500 രൂപവരെ വിവിധ വിഭാഗങ്ങളിലെ ശസ്ത്രക്രിയയ്ക്ക് ഈടാക്കും. 2645 രൂപ മുതൽ 2910 രൂപ വരെയാണ് സ്വകാര്യ ആശുപത്രി വാർഡുകളിൽ ഒരു ദിവസത്തേക്കുള്ള നിരക്ക്.
ഐ.സി.യുവിന് 7800 മുതൽ 8580 രൂപ വരെയും വെന്റിലേറ്റർ 13800 രൂപ മുതൽ 15180 രൂപ വരെയും ദിവസം ഈടാക്കാം. അതേസമയം കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. 48 ആശുപത്രികളില്‍ സജ്ജമാകുന്ന പീഡിയാട്രിക് വാര്‍ഡുകളുടെയും ഐസിയുകളുടെയും 60 ശതമാനം 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 490 ഓക്‌സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്.ഡി.യു. കിടക്കകള്‍, 96 ഐ.സി.യു. കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുന്നത്. അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന നൽകി അവധി ദിവസങ്ങളിൽ ഉൾപ്പെടെ വാക്സിനേഷൻ നടത്താൻ തീരുമാനമായി.