വാകേരിയിലെ കടുവയെ വെടിവെച്ചുകൊല്ലാൻ ഉത്തരവ്
കടുവയെ വെടിവെച്ചു കൊല്ലാൻ തീരുമാനിച്ചതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.
Update: 2023-12-10 14:33 GMT
വയനാട്: വാകേരി കൂടല്ലൂരിലെ നരഭോജി കടുവയെ വെടിവെച്ചു കൊലപ്പെടുത്താൻ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റേതാണ് ഉത്തരവ്. കടുവ നരഭോജിയാണെന്ന് ഉറപ്പിച്ച ശേഷമാകും നടപടി. കടുവയെ വെടിവെച്ചു കൊല്ലാൻ തീരുമാനിച്ചതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.
കടുവയെ മയക്കുവെടിവെക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വെടിവെച്ചുകൊല്ലാൻ ഉത്തരവിറങ്ങുന്നത് വരെ ഉപവാസ സമരവും പ്രഖ്യാപിച്ചിരുന്നു.
ശനിയാഴ്ച വൈകീട്ടാണ് കൂടല്ലൂരിൽ വയലിൽ പുല്ലരിയാൻ പോയ ക്ഷീരകർഷകൻ പ്രജീഷിനെ കടുവ ആക്രമിച്ചു കൊന്നത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയെങ്കിലും കടുവയെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവിറങ്ങുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലായിരുന്നു ബന്ധുക്കൾ.