നവകേരള സദസിലേക്ക് ആളെയെത്തിക്കാൻ കെഎസ്‌ആർടിസി; ഓർഡിനറി സർവീസുകൾ റദ്ദാക്കും
ചെങ്ങന്നൂർ - പത്തനംതിട്ട റൂട്ടുകളിൽ സർവീസ് നടത്തുന്ന ഓർഡിനറി ബസുകളാണ് നാളെ നവകേരള സദസ്സിനായി വിട്ടുകൊടുക്കുന്നത്.
ആലപ്പുഴ: ആലപ്പുഴയിൽ നവകേരള സദസിന് സർവീസിന് നടത്താനായി കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ റദ്ദാക്കാൻ നിർദേശം. ചെങ്ങന്നൂർ - പത്തനംതിട്ട റൂട്ടുകളിൽ സർവീസ് നടത്തുന്ന ഓർഡിനറി ബസുകളാണ് നാളെ നവകേരള സദസ്സിനായി വിട്ടുകൊടുക്കുന്നത്.
ടിക്കറ്റ് ചാർജ് ഈടാക്കി കൊണ്ട് ആളുകളെ നവകേരള സദസ്സ് നടക്കുന്ന വേദിയിലേക്ക് എത്തിക്കാൻ ആണ് നിർദ്ദേശം. 37 സർവീസുകൾ റദ്ദാക്കിക്കൊണ്ടാണ് തീരുമാനം. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിലാണ് നാളെ നവകേരള സദസ് നടക്കുന്നത്. വേദികളിലേക്ക് ആളെ എത്തിക്കാൻ ഓർഡിനറി സർവീസുകൾ റദ്ദാക്കിയെന്നാണ് വിവരം. വൈകുന്നേരം അഞ്ചുമണി വരെയാണ് സർവീസ് നിർത്തിവെച്ചിരിക്കുന്നത്.
ചെങ്ങന്നൂരിൽ ഇരുപത്, തിരുവല്ലയിൽ നാല്, മാവേലിക്കരയിൽ മൂന്ന്, എടത്വ ഡിപ്പോ രണ്ട്, ഹരിപ്പാട് മൂന്ന്, കായംകുളം അഞ്ച് എന്നിങ്ങനെയാണ് നവകേരള സർവീസുകൾ നടത്തുന്ന ബസുകളുടെ കണക്ക്. യാത്രക്കാരിൽ നിന്ന് ടിക്കറ്റ് ചാർജ് ഈടാക്കിക്കൊണ്ട് തന്നെയായിരിക്കും സദസ്സിലേക്ക് എത്തിക്കുക. നേരത്തെ ഓടേണ്ടിയിരുന്ന പല റൂട്ടുകളിൽ നിന്നും മാറിയാണ് നവകേരള സദസിന് വേണ്ടി മാത്രം ബസുകൾ സർവീസ് നടത്തുന്നത് എന്നതാണ് പ്രധാനകാര്യം.