അവയവ കച്ചവടം; ഇരയായ ഷമീർ ഒരു കൊല്ലം മുമ്പ് നാട് വിട്ട് പോയെന്ന് പിതാവ്
കേസിൽ പ്രതിയുടെ കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും
പാലക്കാട്: അവയവ കച്ചവടവുമായി ബന്ധപ്പെട്ട് പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ഇരയായ പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീറിന്റെ വിവരം പോലീസ് പുറത്തുവിടുന്നത്. ഞെട്ടലോടെയാണ് ഷമീറിന്റെ നാട് ഈ വാർത്ത അറിയുന്നത്. ഷമീർ വീട് വിട്ട് ഒരു കൊല്ലം മുമ്പ് പോയതാണെന്ന് പിതാവ് ബഷീർ പറഞ്ഞു. ഷമീറിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അവയവദാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയില്ലെന്ന് ബഷീർ മീഡിയവണ്ണിനോട് പറഞ്ഞു.
അതേസമയം ഷമീർ നേരത്തെയും അവയവദാനത്തിന് ശ്രമിച്ചിരുന്നുവെന്ന് കൗൺസിലർ മൻസൂർ മണലാഞ്ചേരി പറഞ്ഞു. ഷമീറിനെ കുറിച്ച് ഇപ്പോൾ വിവരമൊന്നുമില്ല എന്നും മൻസൂർ കൂട്ടിച്ചേർത്തു.
പ്രതി സാബിത് നാസർ പിടിയിലായതിന് പിന്നാലെ നെടുമ്പാശ്ശേരി പോലീസ് ഷമീറിന്റെ നാട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു . പ്രതി കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ഷമീറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടത്.
അവയവ കച്ചവട കേസിൽ പ്രതിക്കായുള്ള കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും. പ്രതി സാബിത്ത് നാസറിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും അവയവക്കടത്ത് സംഘത്തിലെ കൂടുതൽ ആളുകളെ കേന്ദ്രികരിച്ച് അന്വേഷണം നടക്കുക. അവയവ കച്ചവടത്തിനായി 20 പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് പ്രതിയുടെ മൊഴി. പാലക്കാട്, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ യുവാക്കളെയാണ് ഇറാനിലേക്ക് കടത്തിയത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എറണാകുളം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.