'ആർഎസ്എസിന് കുറേ നല്ല കാര്യങ്ങളുണ്ട്, ബിജെപിക്ക് മാത്രം രാഷ്ട്രീയ അയിത്തം കാണുന്നില്ല'; ഓർത്തഡോക്‌സ് സഭാ മെത്രാപൊലീത്ത
വിചാരധാരയിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് വിശദീകരിക്കരുതെന്നും ഗീവർഗീസ് മാർ യൂലിയോസ്
കോട്ടയം: ബിജെപിക്ക് മാത്രമായി രാഷ്ട്രീയ അയിത്തം കാണുന്നില്ലെന്ന് കുന്നംകുളം ഭദ്രാസന മെത്രാപൊലീത്ത ഗീവർഗീസ് മാർ യൂലിയോസ്. ആർഎസ്എസിന് കുറേ നല്ല കാര്യങ്ങളുണ്ടെന്നും വിചാരധാരയിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് വിശദീകരിക്കരുതെന്നും മെത്രോപൊലീത്ത പറഞ്ഞു.
"ബിജെപിക്ക് മാത്രമായി രാഷ്ട്രീയ അയിത്തം കാണുന്നില്ല. ആർഎസ്എസിന് അവരുടേതായ കുറേ നല്ല കാര്യങ്ങളുണ്ട്. സ്വയം പ്രതിരോധത്തിനുള്ള കായിക പരിശീലനമൊക്കെ അതിന്റെ ഭാഗമാണ്. അമ്പത് വർഷം മുമ്പുള്ള ഒരു ഡോക്യുമെന്റാണ് വിചാരധാര. വിവിധ മതങ്ങളെക്കുറിച്ചൊക്കെ അതിൽ പ്രതിപാദിക്കുന്നുണ്ടാവാം. അതിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് വ്യാഖ്യാനിക്കരുത്". മെത്രോപൊലീത്ത പറഞ്ഞു.
ബിജെപിയുടെ മധ്യമേഖലാ അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയിൽ ബിജെപിയെ പുകഴ്ത്തിക്കൊണ്ട് ഗീവർഗീസ് യൂലിയോസ് പറഞ്ഞ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഈ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി അറിയിച്ച് മെത്രോപൊലീത്ത തന്റെ നിലപാട് വ്യക്തമാക്കിയത്. ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ നേതൃത്വം വിമർശിക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു നിലപാട് ഒരു മെത്രോപൊലീത്ത സ്വീകരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇത് തന്റെ വ്യക്തിപരമായ നിലപാട് ആണ് എന്നാണ് മെത്രോപൊലീത്ത അറിയിച്ചിരിക്കുന്നതെങ്കിലും വിഷയത്തിൽ സഭയുടെ നിലപാട് നിർണായകമാകും.
മന്ത്രി വീണാ ജോർജിനെതിരായ പോസ്റ്റർ സഭ അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ മെത്രോപൊലീത്ത സഭാതർക്കത്തിൽ മന്ത്രി പ്രതികരിച്ചില്ല എന്ന് ഒസിവൈഎം പറഞ്ഞിട്ടില്ലെന്നും എന്നാൽ പോസ്റ്ററിന്റെ പേരിൽ ഒരാളുടെ വീട്ടിൽ 70 പേർ എത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കൂട്ടിച്ചേർത്തു