മകള്‍ ആത്മഹത്യ ചെയ്യില്ല; ഭർതൃഗൃഹത്തിൽ യുവതി മരിച്ചതില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്
ഒറ്റപ്പാലം പാലപ്പുറം വർഗീസിന്റെ മകൾ നിഷ കഴിഞ്ഞ വര്‍ഷമാണ് ഭർത്താവിന്റെ വീട്ടിൽ വെച്ചു മരിച്ചത്.
ഭർതൃഗൃഹത്തിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. കഴിഞ്ഞ വർഷം പാലക്കാട് കടമ്പഴിപ്പുറത്ത് മരിച്ച ഒറ്റപ്പാലം പാലപ്പുറം വർഗീസ്, കുട്ടിയമ്മ ദാമ്പതികളുടെ മകൾ നിഷയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് കുടുംബം രംഗത്ത് വന്നത് . മകൾ കൊല്ലപ്പെട്ടതാണെന്നും അന്വേഷണം പൊലീസ് അട്ടിമറിച്ചെന്നുമാണ് കുടുംബത്തിന്റെ പരാതി.
ഒറ്റപ്പാലം പാലപ്പുറം പൂളക്കാപറമ്പിൽ വാലോലിക്കൽ വർഗീസിന്റെ മൂത്ത മകൾ നിഷ 2020 ആഗസ്റ്റ് 4 നാണ് കടമ്പഴിപ്പുറത്തെ ഭർത്താവിന്റെ വീട്ടിൽ വെച്ച് മരിച്ചത്. തൂങ്ങി മരണമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ മകൾ തൂങ്ങി മരിക്കാൻ സാധ്യതയില്ലെന്നും കൊല്ലപ്പെട്ടതാണെന്നും ആരോപിച്ചാണ് കുടുംബം രംഗത്ത് വന്നത്. മകൾ ഒരിക്കലും സ്വയം മരിക്കില്ലെന്നും മകൾ കൊല്ലപ്പെട്ടതാണെന്നും മതാപിതാക്കൾ പറയുന്നു.
നിഷ മരിക്കുന്നതിന് ഒരു മാസം മുൻപ് ഭർത്താവ് മർദ്ദിച്ചതിന്റെ പേരിൽ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നതായും പ്രശ്നം ഒത്തുതീർപ്പിലായി ഭർതൃ വീട്ടിലേക്ക് മടങ്ങി ദിവസങ്ങൾക്കുള്ളിലായിരുന്നു നിഷയുടെ മരണമെന്നും സഹോദരൻ നിഷിൽ പറഞ്ഞു.
മകൾ കൊല്ലപ്പെട്ടതാണെന്നാരോപിച്ച് നിഷയുടെ കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതും അവഗണിക്കപ്പെട്ടെന്നാണ് ആക്ഷപം. ഇതിന് പിന്നാലെയാണ് കുടുംബം കോടതിയെ സമീപിച്ചത്.
അതേ സമയം നിഷയുടെ മരണത്തിൽ ആദ്യം അസ്വാഭാവിക മരണത്തിനും പിന്നീട് കൂടുതൽ അന്വേഷണം നടത്തി ഭർത്താവിനും കുടുംബത്തിനും എതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് ശ്രീകൃഷ്ണപുരം പോലീസ് അറിയിച്ചു.