പി. ജയരാജൻ വധശ്രമക്കേസിലെ പ്രതികൾ നിരപരാധികളെന്ന് കോടതി; ഷുക്കൂർ വധം വീണ്ടും ചർച്ചയാകുമ്പോൾ
ഈ സംഭവത്തിൽ പങ്കെടുത്തെന്ന പേരിലാണ് തളിപ്പറമ്പ മുനിസിപ്പാലിറ്റി എം.എസ്.എഫ് ട്രഷറർ അരിയിൽ അബ്ദുഷുക്കൂർ അന്ന് വൈകീട്ട് കീഴറയിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടത്
സി.പി.എം നേതാക്കളെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ 12 മുസ്‌ലിംലീഗ് പ്രവർത്തകരെ വെറുതെ വിട്ടിരിക്കുന്നു. ഈ സംഭവത്തിൽ ഉൾപ്പെട്ടെന്ന പേരിൽ ആൾക്കൂട്ടം വിചാരണ നടത്തി കുത്തിക്കൊന്ന തളിപ്പറമ്പ മുനിസിപ്പാലിറ്റി എം.എസ്.എഫ് ട്രഷറർ അരിയിൽ ഷുക്കൂർ വധം ഇതോടെ വീണ്ടും ചർച്ചയാകുകയാണ്. കണ്ണൂർ അഡിഷനൽ സെഷൻസ് കോടതിയാണ് സി.പി.എം നേതാക്കളായ പി. ജയരാജൻ, ടി.വി രാജേഷ് എന്നിവരെ 2012 ഫെബ്രുവരി 20ാം തിയ്യതി കണ്ണൂർ അരിയിൽ വെച്ച് വാഹനം തടഞ്ഞ് വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പ്രതികളായവരെ വെറുതെ വിട്ടിരിക്കുന്നത്.
അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും കല്ല്യാശ്ശേരി മണ്ഡലം എം.എൽ.എ ടി.വി രാജേഷും പട്ടുവം അരിയിൽ പ്രദേശത്ത് മുസ്‌ലിംലീഗ്- സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാളെ കാണാനെത്തിയതായിരുന്നു. ഈ സംഭവത്തിൽ പങ്കെടുത്തെന്ന പേരിലാണ് അരിയിൽ അബ്ദുഷുക്കൂർ അന്ന് വൈകീട്ട് കീഴറയിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടത്.
അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ പ്രധാന ഭാഗങ്ങൾ കെ.എം. ഷാജഹാൻ പങ്കുവെച്ചത് കാണാം:
- ക്രിക്കറ്റ് കളിക്കിടെ പരുക്കേറ്റ സക്കറിയയെ ഷുക്കൂർ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ, അഞ്ചു പ്രതികൾ പിന്തുടരുകയും എട്ട് പ്രതികൾ എതിരെ വരികയും ചെയ്തു. തുടർന്ന് ഷുക്കൂറും സുഹൃത്തുക്കളും മുഹമ്മദ് കുഞ്ഞി എന്ന ആളുടെ വീട്ടിലേക്ക് ഓടിക്കയറി.
- പ്രതികളിൽ 12 പേരും തിരിച്ചറിഞ്ഞിട്ടില്ലാത്ത 10-16 പേരും ചേർന്ന് വീട് വളഞ്ഞു. 12.30 മുതൽ രണ്ടു മണി വരെ ഇവരെ തടഞ്ഞുവച്ചു.
- ഡി.വൈ.എഫ.ഐ കണ്ണുപുരം ഈസ്റ്റ് വില്ലേജ് സെക്രട്ടറി ദിനേശൻ എന്ന മൈന ദിനേശൻ നാലു പേരുടേയും ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തി.
- സി.പി.എം മൊറാഴ എൽ.സി അംഗവും ജില്ല സഹകരണ ബാങ്ക് ജീവനക്കാരുമായ സി.എൻ മോഹൻ നാലു പേരുടെയും പേരും വിലാസവും ചോദിച്ചറിഞ്ഞു. തുടർന്ന് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം എ.വി ബാബുവിനെ ഫോണിൽ വിളിച്ചു പറഞ്ഞു.
- എ.വി ബാബു, സി.പി.എം മുള്ളൂർ എൽ.സി അംഗം പി.പി സുരേഷൻ, അരിയിൽ ബ്രാഞ്ച് സെക്രട്ടറി കാരക്കാടൻ ബാബു, അരിയിൽ എൽ.സി സെക്രട്ടറി യു.വി വേണു എന്നിവർ കൂടിയാലോചിച്ച് ഷുക്കൂറിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു.
- ഷുക്കൂറിനെ വയലിലേക്ക് കൊണ്ടുപോയി ആക്രമിച്ചു.ഇരുമ്പ് വടികൊണ്ടുള്ള മർദ്ദനത്തോടെയായിരുന്നു തുടക്കം. പിന്നീട് മൂർച്ചയേറിയ ആയുധം കൊണ്ട് ശരീരമാസകലം മുറിവുണ്ടാക്കി.
- കണ്ണപുരം വില്ലേജ് കമ്മിറ്റി അംഗം കെ.വി സുമേഷ് നെഞ്ചിന്റെ ഇടതുഭാഗത്ത് ആഴത്തിൽ കുത്തി.
- ഡി.വൈ.എഫ്.ഐ പാപ്പിനിശേരി ജോയിന്റ് സെക്രട്ടറി പി. ഗണേഷൻ, കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം പി. അനൂപ് എന്നിവരും കഠാര ഉപയോഗിച്ച് മുറിവേലിച്ചു.
- ഓടുന്നതിനിടയിൽ പിന്നിൽ നിന്ന് വെട്ടിവീഴ്ത്തിയായിരുന്നു ഷുക്കൂറിനെ കൊലപ്പെടുത്തിയത്.
- വയൽ വരമ്പിൽ തമ്പടിച്ചിരുന്ന നാട്ടുകാരടക്കമുള്ള 200 ഓളം പേരിൽ ആരും ഒന്ന് ശബ്ദമുയർത്തുക പോലും ചെയ്യാതെ എല്ലാം കണ്ട് നിന്നു.
കോടതി ഉത്തരവിട്ടതെന്ത്?
വധശ്രമക്കേസിൽ 15 പ്രതികളാണ് ഉണ്ടായിരുന്നത്. 12 പേരെ വെറുതേ വിട്ടു. രണ്ടുപേരുടെ വിചാരണ പയ്യന്നൂർ കോടതിയിൽ നടക്കുകയാണ്. ഒരാളുടെ വിചാരണ തലശ്ശേരി ജുവനൈൽ കോർട്ടിൽ നടക്കുകയാണ്. അൻസാർ, ഹനീഫ, സുഹൈൽ, അഷ്റഫ്, അനസ്, റൗഫ്, സക്കറിയ്യ, ഷമ്മാദ്, യഹിയ, സജീർ, നൗഷാദ് എന്നിവരെയാണ് വെറുതെ വിട്ടത്. കോടതി വിധിക്കെതിരെ സി.പി.എം അപ്പീൽ നൽകുമെന്നാണ് വിവരം.