പി ജയരാജൻ തില്ലങ്കേരിയിലേക്ക്; സിപിഎം യോഗത്തിൽ നിലപാട് വ്യക്തമാക്കും

മറ്റന്നാളാണ് സിപിഎം തില്ലങ്കേരിയിൽ വിശദീകരണ യോഗം സംഘടിപ്പിക്കുന്നത്

Update: 2023-02-18 16:10 GMT
Editor : banuisahak | By : Web Desk
Advertising

കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് സിപിഎം വിളിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി ജയരാജനും പങ്കെടുക്കും. പാർട്ടിയുടെ ഔദ്യോഗിക നിലപാട് വിശദീകരിക്കേണ്ട ചുമതല ജയരാജനാണ്. മറ്റന്നാളാണ് സിപിഎം തില്ലങ്കേരിയിൽ വിശദീകരണ യോഗം സംഘടിപ്പിക്കുന്നത്. 

ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് പാർട്ടിക്ക് മേൽ ആക്ഷേപങ്ങളുയരുന്ന സാഹചര്യത്തിലാണ് വിശദീകരണ യോഗം.തിങ്കളാഴ്ച വൈകിട്ട് തില്ലങ്കേരിയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് യോഗം ഉദ്ഘാടനം ചെയ്യുന്നത്. പാർട്ടി നിലപാട് എംവി ജയരാജൻ വിശദീകരിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ട് പി ജയരാജൻ തന്നെ നിലപാട് വ്യക്തമാക്കണമെന്ന് നിർദേശിക്കുകയായിരുന്നു. 

ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതില്ല എന്ന നിലപാടാണ് പാർട്ടി നേരത്തേ സ്വീകരിച്ചിരുന്നതെങ്കിൽ ആരോപണങ്ങളിൽ വിശദീകരണം ആവശ്യമാണെന്ന തീരുമാനത്തിലാണ് പാർട്ടിയിപ്പോൾ. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം വളരെ ഗൗരവകരമായി തന്നെ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ യാത്ര കണ്ണൂരിലെത്തുന്നതിന് മുമ്പ് തന്നെ വിഷയത്തിൽ പാർട്ടി അണികൾക്ക് കൃത്യമായ വിശദീകരണം നൽകാനാണ് സിപിഎമ്മിന്റെ നീക്കം.

ആകാശ് തില്ലങ്കേരി പി ജയരാജന്റെ സൈബർ പോരാളിയാണെന്ന ആരോപണം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം ജയരാജന് വേണ്ടി വാട്സ്ആപ് ഗ്രൂപ്പുകളിലടക്കം പ്രവർത്തിച്ചയാളാണ് തില്ലങ്കേരിയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ ഇന്ന് ആവർത്തിച്ചിരുന്നു. ഈ ആരോപണങ്ങൾക്കിടെയാണ് പാർട്ടി നീക്കം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News