സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനൻ തുടരും
ജില്ലാ സെക്രട്ടറി പഥത്തിൽ മൂന്നാം തവണയാണ് പി. മോഹനനെത്തുന്നത്
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പഥത്തിൽ പി. മോഹനൻ തന്നെ തുടരും. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററായ എസ് കെ സജീഷ്, കെ എം സച്ചിൻ ദേവ് എംഎൽഎ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി. വസീഫ്, ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് ദീപ തുടങ്ങി 15 പേരാണ് ഇത്തവണ ജില്ലാ കമ്മിറ്റിയിലെത്തുന്ന പുതുമുഖങ്ങൾ. അതേ സമയം 12 പേരെയാണ് ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കുന്നത്.
ജില്ലാ സെക്രട്ടറി പഥത്തിൽ മൂന്നാം തവണയാണ് പി. മോഹനനെത്തുന്നത്. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ അദ്ദേഹത്തെ കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് സിപിഎം നേതൃത്വം ആദ്യമായി കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പി മോഹനൻ ജില്ലാ സെക്രട്ടറിയായിരിക്കെ സിപിഎമ്മിന് കോഴിക്കോട് വളർച്ച നേടാനായിട്ടുണ്ടെന്നാണ് പാർട്ടി ഒന്നടങ്കം വിലയിരുത്തുന്നത്. ജില്ലയിൽ ലോക്കൽ കമ്മിറ്റിയുടെയും ഏരിയ കമ്മിറ്റിയുടെയും എണ്ണം കൂടിയതിനൊപ്പം പാർട്ടിയിലെ അംഗ സംഖ്യയും കൂടിയിട്ടുണ്ടെന്നുള്ള നിഗമനത്തിൽ എത്തിയിരിക്കുകയാണ് സിപിഎം. പ്രായാധിക്യമുള്ളവരെ ഒഴിവാക്കികൊണ്ട് യുവതയ്ക്ക് പ്രാതിനിധ്യം നൽകികൊണ്ടുള്ള പുതിയ ജില്ലാ കമ്മിറ്റിയായിരിക്കും ഇത്തവണയുണ്ടാവുക.