'വിവാദങ്ങൾ ആ വഴിക്ക് പോകട്ടെ'; കിറ്റെക്സ് വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് വ്യവസായ മന്ത്രി

എറണാകുളം ജില്ലാ കലക്ടര്‍ ഇന്ന് യോഗം വിളിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും മന്ത്രി.

Update: 2021-09-13 14:14 GMT
Advertising

കിറ്റെക്സ് എം.ഡി. സാബു എം. ജേക്കബ് ഉയർത്തിയ പുതിയ വിമർശനങ്ങളില്‍ പ്രതികരിക്കാതെ വ്യവസായ മന്ത്രി പി. രാജീവ്. വിവാദങ്ങൾ ആ വഴിക്ക് പോകട്ടെ, എറണാകുളം ജില്ലാ കലക്ടർ എന്തിനാണ് യോഗം വിളിച്ചതെന്ന് അറിയില്ല, കിറ്റെക്സ് വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. 

പല ഘട്ടങ്ങളിലായി കിറ്റെക്സില്‍ നടത്തിയ പരിശോധനകളുമായി ബന്ധപ്പെട്ട് കുന്നത്ത്നാട് എം.എല്‍.എ പി.വി. ശ്രീനിജന്‍, തൃക്കാക്കര എം.എല്‍.എ പി.ടി. തോമസ്, പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ ജില്ലാ വികസന സമിതി യോഗങ്ങളില്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് യോഗം വിളിച്ചിരുന്നു. കിറ്റെക്സില്‍ നടത്തിയ പരിശോധനയില്‍ ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് എം.എല്‍.എമാര്‍ യോഗത്തില്‍ പറഞ്ഞു. ഇന്നത്തെ ചർച്ചയുടെ വിശദമായ റിപ്പോര്‍ട്ട് ഉടൻ നല്‍കാമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കിയതായും അതിന് ശേഷം തുടര്‍നടപടികള്‍ ആവശ്യപ്പെടുമെന്നുമാണ് എം.എൽ.എമാർ അറിയിച്ചത്.

എന്നാൽ, ആരോപണങ്ങളെ എല്ലാം തള്ളുന്നതായിരുന്നു കിറ്റെക്സ് എം.ഡി സാബു എം.ജേക്കബിന്‍റെ പ്രതികരണം. എം.എൽ.എമാര്‍ തരം താഴ്ന്ന രീതിയിലാണ് സംസാരിക്കുന്നതെന്നും ഫാക്ടറി നടത്തിപ്പിനെ കുറിച്ച് എം.എൽ.എമാര്‍ക്ക് എന്തറിയാമെന്നും സാബു എം.ജേക്കബ് പറഞ്ഞു. കേരളത്തിലെ മറ്റൊരു വ്യവസായ സ്ഥാപനങ്ങളിലും ഇല്ലാത്ത പരിശോധനയാണ് കിറ്റെക്സിൽ നടത്തുന്നത്. സി.എസ്.ആർ ഫണ്ട്‌ വകമാറ്റി എന്നത് അടിസ്ഥാന രഹിതമാണെന്നും സാബു വ്യക്തമാക്കി. നേരത്തെ 78 നിയമങ്ങള്‍ കമ്പനി ലംഘിച്ചെന്നായിരുന്നു പറഞ്ഞത് ഇപ്പോള്‍ അത് എട്ടായി. എന്നാല്‍, നിയമ ലംഘനം എന്തെന്ന് പറയുന്നില്ലെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേര്‍ത്തു. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News