'മുഖ്യമന്ത്രിയുടെ അടുത്തിരിക്കാന്‍ 82 ലക്ഷമെന്നത് വ്യാജവാര്‍ത്ത': ലോകകേരള സഭ പണപ്പിരിവുമായി ബന്ധമില്ലെന്ന് നോര്‍ക്ക
ലോകകേരള സഭയുടെ ചെലവ് പ്രാദേശിക സംഘടനകളാണ് വഹിക്കുന്നതെന്ന് പി ശ്രീരാമകൃഷ്ണന്‍
തിരുവനന്തപുരം: അമേരിക്കയില്‍ നടക്കുന്ന ലോകകേരള സഭയുടെ ചെലവ് പ്രാദേശിക സംഘടനകളാണ് വഹിക്കുന്നതെന്ന് നോർക്ക റസിഡന്‍റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ. മുഖ്യമന്ത്രിയുടെ അടുത്തിരിക്കാൻ 82 ലക്ഷം എന്നത് വ്യാജ വാർത്തയാണ്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. നോർക്കക്ക് പണപ്പിരിവുമായി ബന്ധമില്ലെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ലോകകേരള സഭയില്‍ ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകൾ നൽകിയാണ് സംഘാടകര്‍ സ്പോൺസർമാരെ കണ്ടെത്തുന്നത്. ഗോൾഡ് പാസിന് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 82 ലക്ഷം രൂപ) നല്‍കണം. സ്റ്റേജില്‍ ഇരിപ്പിടം, വി.ഐ.പികള്‍ക്ക് ഒപ്പം ഡിന്നര്‍, രണ്ട് റൂം, ഹോട്ടലിലും പുറത്തും പേര് പ്രദർശനം, രജിസ്ട്രേഷൻ ഡെസ്കിൽ ബാനർ, സമ്മേളന സുവനീറിൽ രണ്ടു പേജ് പരസ്യം എന്നിങ്ങനെയാണ് ഓഫര്‍.
സിൽവര്‍ പാസിന് 50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപ) നല്‍കണം. സ്റ്റേജിൽ ഇരിപ്പിടം, വി.ഐ.പികൾക്കൊപ്പം ഡിന്നർ, ഒരു മുറി, ഹോട്ടലിലും പുറത്തും പേര് പ്രദർശനം, സുവനീറിൽ ഒരു പേജ് പരസ്യം എന്നിവയാണ് സില്‍വര്‍ പാസെടുക്കുന്നവര്‍ക്കുള്ള വാഗ്ദാനങ്ങള്‍. ബ്രോൺസ് പാസിന് 25,000 ഡോളർ (ഏകദേശം 20.5 ലക്ഷം രൂപ) നല്‍കണം. വി.ഐ.പികൾക്കൊപ്പം ഭക്ഷണം, സ്റ്റേജിൽ ഇരിപ്പിടം എന്നിവയൊഴിച്ചുള്ള സൗകര്യങ്ങൾ ബ്രോൺസ് പാസെടുക്കുന്നവര്‍ക്ക് ലഭിക്കും.
സ്പോണ്‍സര്‍ഷിപ്പ് പാസുകള്‍ സംഘാടകര്‍ വിറ്റഴിക്കുന്നത് വിവാദമായതിന് പിന്നാലെ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രവാസികളെ പണത്തിന്‍റെ പേരില്‍ വേര്‍തിരിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
"കേരളത്തിനു മുഴുവന്‍ നാണക്കേടുണ്ടാക്കിയ സംഭവമാണ് ഇപ്പോള്‍ അമേരിക്കയില്‍ നടക്കുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട പരിപാടിയാണ് ലോകകേരള സഭ. ആരൊക്കെയോ അനധികൃത പിരിവ് നടത്തുകയാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ കൂടെയിരിക്കാന്‍ 82 ലക്ഷം രൂപയോ? ഒരു ലക്ഷം ഡോളര്‍, 50,000 ഡോളര്‍, 25,000 ഡോളര്‍ എന്നിങ്ങനെയാണ് പിരിവ്. പ്രവാസികളെ മുഴുവന്‍ പണത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എന്താണെന്ന് കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ലോകത്തിനു മനസ്സിലാക്കിക്കൊടുക്കുന്ന പരിപാടിയാണിത്. ഒരു ലക്ഷം രൂപ കൊടുക്കാന്‍ കഴിവുള്ളവര്‍ മാത്രം എന്‍റെ കൂടെയിരുന്നാല്‍ മതി, അല്ലാത്തവര്‍ പുറത്തുനിന്നാല്‍ മതി- എത്ര അപമാനകരമായ കാര്യമാണിത്? ആരാണ് അനധികൃത പിരിവിന് അനുമതി കൊടുത്തത്?"- വി.ഡി സതീശന്‍ പ്രതികരിച്ചു.
ജൂണ്‍ 9 മുതൽ 11 വരെ ന്യൂയോർക്കിലെ മാരിയറ്റ് മാർക്വിസ് ഹോട്ടലിലാണ് സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ ബാലഗോപാൽ, സ്പീക്കർ എ.എൻ ഷംസീർ, നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ തുടങ്ങിയവര്‍ പങ്കെടുക്കും.