തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലേക്ക് തന്നെ വലിച്ചിഴച്ചത് ഇ.ഡിയുടെ പ്രതികാരം: ശ്രീരാമകൃഷ്ണന്‍
എല്ലാം അവസാനിച്ചോ എന്ന ചോദ്യത്തിന് ബിജെപി ഭരിച്ചുകൊണ്ടിരിക്കുകയല്ലേ, ഒന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നാണ് ശ്രീരാമകൃഷ്ണന്‍റെ മറുപടി
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസില്‍ തന്നെ ലക്ഷ്യം വച്ചതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളെന്ന് മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താനുള്ള നിയമസഭ തീരുമാനം അവർക്ക് വിരോധമുണ്ടാക്കി. സ്പീക്കറുടെ പ്രത്യേക താത്പര്യപ്രകാരമാണ് തീരുമാനമെന്ന് ധരിച്ചിട്ടുണ്ടാകാമെന്നും ശ്രീരാമകൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മാറ്റിനിർത്തിയത് വിവാദങ്ങള്‍ കാരണമല്ല. തന്നെക്കാൾ പ്രഗത്ഭർ ആയവര്‍ മാറിനിന്നില്ലേയെന്ന് മുന്‍ സ്പീക്കർ ചോദിച്ചു. രണ്ടു തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ട എന്നത് പാര്‍ട്ടിയുടെ തീരുമാനമാണ്. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയും കുടുംബവുമെല്ലാം ഒപ്പമുണ്ടായിരുന്നു. പാര്‍ട്ടിക്ക് ഒരു തെറ്റിദ്ധാരണയുമുണ്ടായിട്ടില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
കേട്ടുകേള്‍വി പോലുമില്ലാത്ത ആരോപങ്ങളാണ് തനിക്കെതിരെ ഉയര്‍ത്തിയതെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. യൂറോപ്പില്‍ 300 കോടിയുടെ നിക്ഷേപം, ദുബൈയിലും ഷാര്‍ജയിലും കോളജ്, ഡോളര്‍ കടത്ത് തുടങ്ങിയ ആരോപണങ്ങള്‍ മാനസികമായി പ്രയാസമുണ്ടാക്കിയെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇതെല്ലാം അവസാനിച്ചോ എന്ന ചോദ്യത്തിന് ബിജെപി ഭരിച്ചുകൊണ്ടിരിക്കുകയല്ലേ, ഒന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നാണ് ശ്രീരാമകൃഷ്ണന്‍റെ മറുപടി.