ഉയർത്തിപ്പിടിക്കുന്ന ശരിപക്ഷ നിലപാടുകളാണ് എസ്.എഫ്.ഐയെ അപരാജിതരായി നിലനിർത്തുന്നത്: പി.എ മുഹമ്മദ് റിയാസ്
'കാർമേഘങ്ങളുടെ ഘോഷയാത്രകൾക്കിടയിൽ നക്ഷത്രങ്ങൾ കെട്ടുപോകില്ല' എന്ന തലക്കെട്ടിലെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി എസ്.എഫ്.ഐയെ പിന്തുണച്ച് രംഗത്തെത്തിയത്.
തിരുവനന്തപുരം: ഉയർത്തിപ്പിടിക്കുന്ന ശരിപക്ഷ നിലപാടുകളാണ് വിദ്യാർഥികളുടെ ഹൃദയത്തിൽ എസ്.എഫ്.ഐയെ അപരാജിതരായി നിലനിർത്തുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 'കാർമേഘങ്ങളുടെ ഘോഷയാത്രകൾക്കിടയിൽ നക്ഷത്രങ്ങൾ കെട്ടുപോകില്ല' എന്ന തലക്കെട്ടിലെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി എസ്.എഫ്.ഐയെ പിന്തുണച്ച് രംഗത്തെത്തിയത്. കണ്ണൂർ സർവകലാശാലയിൽ എസ്.എഫ്.ഐ നേടിയ ഉജ്ജ്വല വിജയത്തിൽ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയെ നേരിൽകണ്ട് അഭിനന്ദിച്ചെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
"കാർമേഘങ്ങളുടെ ഘോഷയാത്രകൾക്കിടയിൽ നക്ഷത്രങ്ങൾ കെട്ടുപോകില്ല"
ഇന്നലെ കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ തൂത്തുവാരി. ഇന്ന് സഖാവ് ആർഷോയെ നേരിൽ കണ്ടു,അഭിനന്ദിച്ചു. കാലിക്കറ്റ്, കേരള, മഹാത്മാഗാന്ധി, മലയാളം, സംസ്കകൃതം, കുസാറ്റ്, ആരോഗ്യം, കാർഷികം, വെറ്റിനറി, ഫിഷറീസ്, ടെക്നിക്കൽ യൂനിവേഴ്സിറ്റി തുടങ്ങി ഇന്റർ പോളി, ഇന്റർ ഐടിഐ, സ്കൂൾ പാർലിമൻറ്റ് അടക്കമുള്ള എല്ലാ ജനാധിപത്യ വേദികളിലും എസ്എഫ്ഐയുടെ ഉജ്വല വിജയം തുടരുകയാണ്.
എസ്എഫ്ഐ ഒരു സ്വതന്ത്ര വിദ്യാർത്ഥി സംഘടനയാണ്. 16 ലക്ഷത്തോളം അംഗങ്ങളാണ് കേരളത്തിൽ എസ്എഫ്ഐക്കുള്ളത്. ഇതിൽ നല്ലൊരു ഭാഗം വിദ്യാർത്ഥികളും ഇടതുപക്ഷരാഷ്ട്രീയ ആഭിമുഖ്യമില്ലാത്ത കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്. ഉയർത്തിപ്പിടിക്കുന്ന ശരിപക്ഷ നിലപാടുകളാണ് വിദ്യാർത്ഥികളുടെ ഹൃദയത്തിൽ എസ്എഫ്ഐയെ അപരാജിതരായി നിലനിർത്തുന്നത്.