പാകിസ്താൻ വിസ നിഷേധിച്ചെന്ന വാർത്ത തെറ്റ്; വിശദീകരണവുമായി ശിഹാബ് ചോറ്റൂർ

തന്റെ യാത്ര എത്രയും പെട്ടെന്ന് തന്നെ പുനരാരംഭിക്കുമെന്ന്‌ ശിഹാബ് ട്വീറ്റ് ചെയ്തു.

Update: 2022-11-24 16:22 GMT
Advertising

കോഴിക്കോട്: തനിക്ക് പാകിസ്താൻ വിസ നിഷേധിച്ചെന്ന വാർത്തകൾ നിഷേധിച്ച് ശിഹാബ് ചോറ്റൂർ. വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താൻ പാകിസ്താനിലെ കോടതിയെ സമീപിച്ചിട്ടില്ല. ഒരു പാക് പൗരനാണ് ശിഹാബ് ചോറ്റൂരിന് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതാണ് കോടതി നിരസിച്ചത്. ഇത്തരം വ്യാജ വാർത്തകളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണം. തന്റെ യാത്ര എത്രയും പെട്ടെന്ന് തന്നെ പുനരാരംഭിക്കുമെന്നും ശിഹാബ് ട്വീറ്റ് ചെയ്തു.

കേരളത്തിൽ നിന്നും യാത്ര തുടങ്ങി 3000 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്ത് പഞ്ചാബിലെ വാഗ അതിർത്തിയിലെത്തിയ ശിഹാബിന് വിസയില്ലാത്തതിനാൽ പാക് ഇമിഗ്രേഷൻ അധികൃതർ പ്രവേശനം നിഷേധിച്ചിരുന്നു. തുടർന്ന് ശിഹാബിനായി പാക് പൗരനായ സർവാർ താജ് ആണ് കോടതിയിൽ ഹരജി സമർപ്പിച്ചത്. എന്നാൽ ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാൽ, ജസ്റ്റിസ് മുസാമിൽ അക്തർ ഷബീർ എന്നിവരടങ്ങുന്ന ലാഹോർ ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ച് ഹരജി തള്ളി. ഇതുസംബന്ധിച്ച് സിംഗിൾ ബെഞ്ചിന്റെ തീരുമാനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. ഹരജിക്കാരന് ഇന്ത്യൻ പൗരനായ ശിഹാബുമായി ബന്ധമില്ലെന്നും കോടതിയെ സമീപിക്കാനുള്ള പവർ ഓഫ് അറ്റോർണി കൈവശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് അപേക്ഷ തള്ളിയത്.

ഗുരുനാനാക്കിന്റെ ജൻമദിനത്തോടനുബന്ധിച്ചും മറ്റും ഇന്ത്യൻ സിഖുകാർക്ക് പാകിസ്താൻ സർക്കാർ വിസ നൽകുന്നതുപോലെ ശിഹാബിനും വിസ അനുവദിക്കണമെന്നായിരുന്നു ലാഹോർ സ്വദേശിയായ താജിന്റെ വാദം. ഇതിനകം ശിഹാബ് 3000 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചെന്നും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ പാകിസ്താനിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നും വാദിച്ചു.

ജൂൺ രണ്ടിനാണ് മലപ്പുറം പുത്തനത്താണി സ്വദേശിയായ ശിഹാബ് കാൽനടയായി ഹജ്ജിന് പുറപ്പെട്ടത്. മലപ്പുറത്തു നിന്ന് മക്കയിലേക്ക് 8,000 കിലോമീറ്ററിലധികം ദൂരമുണ്ട്. പാകിസ്താൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെ സൗദി അറേബ്യയിൽ പ്രവേശിക്കാനായിരുന്നു തീരുമാനം. നിലവിൽ ശിഹാബ് വാഗ അതിർത്തിക്കടുത്തുള്ള ഖാസയിലാണുള്ളത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News