പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി
ആർ.എസ്.എസ് - എസ്.ഡി.പി.ഐ നേതാക്കളുടെ കൊലപാതകത്തെ തുടർന്നാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Update: 2022-04-20 12:13 GMT
പാലക്കാട്: ജില്ലയിൽ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി. 24 വരെ പാലക്കാട് നിരോധനാജ്ഞ തുടരും. ആർ.എസ്.എസ് - എസ്.ഡി.പി.ഐ നേതാക്കളുടെ കൊലപാതകത്തെ തുടർന്നാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കാവുന്ന സാഹചര്യം ജില്ലയില്‍ എത്തിയിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീട്ടുന്നത്.
ഇതുപ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമൊ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളൊ ഘോഷയാത്രകളൊ പാടില്ല.
അതേസമയം ആർ.എസ്.എസ് പ്രവർത്തകൻ എസ്.കെ ശ്രീനിവാസന്റെ കൊലപാതക കേസിലെ പ്രതികൾ കേരളം വിട്ടിട്ടില്ലെന്ന് എ.ഡി.ജി.പി വിജയ് സാക്കറെ പറഞ്ഞു. നിരോധനാജ്ഞ തുടരണമെന്ന് പൊലീസ് റിപ്പോർട്ട് അദ്ദേഹം നൽകിയിരുന്നു.