ഹിജാബ് അഴിച്ചില്ലെങ്കിൽ ആധാർ കാർഡിനുള്ള അപേക്ഷ അറ്റസ്റ്റ് ചെയ്യില്ലെന്ന് പാലക്കാട് നഗരസഭാ സെക്രട്ടറി
കൗൺസിലർമാർ പ്രതിഷേധിച്ചതോടെ സെക്രട്ടറി അനിതാദേവി ക്ഷമാപണം നടത്തി.
Update: 2022-10-18 13:40 GMT
പാലക്കാട്: ആധാർ കാർഡ് എടുക്കുന്നതിന് ഒപ്പ് വാങ്ങാനെത്തിയ മുസ്ലിം വനിതയോട് ഹിജാബ് അഴിച്ച് വന്നാൽ മാത്രമേ ഒപ്പിടുകയുള്ളുവെന്ന് പറഞ്ഞ് തിരിച്ചയച്ച പാലക്കാട് നഗരസഭാ സെക്രട്ടറി അനിതാ ദേവിക്കെതിരെ പ്രതിഷേധം. സെക്രട്ടറിയുടെ കാബിനിൽ ചെന്ന് കൗൺസിലർമാർ പ്രതിഷേധിച്ചതിനെ തുടർന്ന് സെക്രട്ടറി മാപ്പു പറയുകയും ഒപ്പിട്ടു നൽകുകയും ചെയ്തു.
വൈവിധ്യമാണ് ഇന്ത്യയെന്നും ഭരണഘടന അനുവദിച്ച പൗരസ്വത്രന്ത്രത്തെ നിഷേധിക്കാനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും കൗൺസിലർമാർ പറഞ്ഞു. കൗൺസിലർമാരായ സജിത്കുമാർ, മൻസൂർ (കോൺഗ്രസ്) എം.സുലൈമാൻ (വെൽഫെയർ പാർട്ടി) ഹസനുപ്പ (മുസ്ലിം ലീഗ്) സലീന ബീവി (സി.പി.എം) എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.