പാലക്കാട് പെരുവമ്പ് സി.എ സ്‌കൂളിലെ ക്രമക്കേടുകളിൽ നടപടി; അനധികൃതമായി സൃഷ്ടിച്ച രണ്ട് തസ്തികകൾ റദ്ദാക്കി

സർക്കാറിന് ഉണ്ടായ നഷ്ടം പ്രധാന അധ്യാപകനിൽ നിന്നും ക്ലാസ് അധ്യാപകരിൽ നിന്നും ഈടാക്കാനും ഉത്തരവ്

Update: 2022-06-08 03:21 GMT
Editor : Lissy P | By : Web Desk
Advertising

പാലക്കാട്: പെരുവമ്പ് സി. എ സ്‌കൂളിലെ ക്രമക്കേടുകളിൽ സർക്കാർ നടപടി. അനധികൃതമായി സൃഷ്ടിച്ച രണ്ട് തസ്തികകൾ റദ്ദാക്കുകയും അധ്യാപകരെ പിരിച്ച് വിടുകയും ചെയ്തു. സ്‌കൂളിൽ അധികമായി സൃഷ്ടിച്ച രണ്ട് ഡിവിഷനുകളും റദ്ദാക്കി. ഇല്ലാത്ത 18 വിദ്യാർഥികളുടെ പേരിൽ അധിക ഡിവിഷൻ സൃഷ്ടിച്ച വാർത്ത മീഡിയവണായിരുന്നു റിപ്പോർട്ട് ചെയ്തത്.സർക്കാറിന് ഉണ്ടായ നഷ്ടം പ്രധാന അധ്യാപകനിൽ നിന്നും ക്ലാസ് അധ്യാപകരിൽ നിന്നും ഈടാക്കാനും ഉത്തരവിട്ടിട്ടുണ്ട്. പൊതു വിദ്യാഭ്യാസ സെക്രട്ടറി പി.എ മുഹമ്മദ് ഹനീഷിന്റെ ഉത്തരവിന്റെ പകർപ്പ് മീഡിയ വണിന് ലഭിച്ചു.

വാർത്ത വന്നതിന് പിന്നാലെ ആദ്യം വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണമാണ് നടന്നത്.പിന്നീട് പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെ നേരിട്ട് അന്വേഷണം നടത്തുകയായിരുന്നു.അഞ്ചാം ക്ലാസിലുംഏഴാം ക്ലാസിലുമാണ് അധിക ഡിവിഷനുകൾ ഉണ്ടാക്കിയത്. ഇതിലേക്കായി രണ്ട് അധ്യാപകരെ പണം വാങ്ങി അനധികൃതമായി നിയമിക്കുകയും ചെയ്തു. ഈ അധ്യാപകരെയാണ് പിരിച്ചുവിട്ടത്.

ഇതുകൂടാതെ സർക്കാരിന് ഈ രണ്ട് ഡിവിഷൻ വന്നതിലൂടെ വലിയ സാമ്പത്തിക ബാധ്യതയാണ് വന്നത്. ഈ സാമ്പത്തിക ബാധ്യത മുഴുവൻ സ്‌കൂളിലെ പ്രധാന അധ്യാപകനും പുതിയതായി വന്ന ഡിവിഷനിലെ രണ്ട് അധ്യാപകരും വഹിക്കണമെന്ന പ്രധാനപ്പെട്ട ഉത്തരവും പൊതുവിദ്യാഭ്യാസ സെക്രട്ടറി പുറത്തിറക്കിയിരിക്കുന്നത്.  സ്‌കൂളുമായി ബന്ധപ്പെട്ട്  വിജിലൻസിന്റെ അന്വേഷണവും പൊലീസിന്റെ  അന്വേഷണവും നടക്കുന്നുണ്ട്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News