പാലക്കാട്ട് വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസ്; നാല് പേർ അറസ്റ്റിൽ
സ്വർണാഭരണങ്ങൾ കോയമ്പത്തൂരിൽ വിറ്റെന്ന് പ്രതികൾ മൊഴി നൽകി
Update: 2023-03-20 02:40 GMT
പാലക്കാട്: കൽമണ്ഡപത്ത് സ്ത്രീയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ.വടവന്നൂർ സ്വദേശികളായ സുരേഷ്, വിജയകുമാർ, വണ്ടിത്താവളം സ്വദേശി പ്രദീപ്, നന്ദിയോട് സ്വദേശി റോബിൻ എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സഹായിച്ച നാല് പേരെകൂടി പിടികൂടാനുണ്ട്.
സ്വർണ്ണാഭരണങ്ങൾ കോയമ്പത്തൂരിൽ വിറ്റെന്ന് പ്രതികൾ മൊഴി നൽകി .ഈ മാസം 13നാണ് കൽമണ്ഡപം സ്വദേശി ഷെഫീനയെ കെട്ടിയിട്ട് 57 പവൻ സ്വർണ്ണവും ഒന്നര ലക്ഷം രൂപയും മോഷ്ടിച്ചത് . ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു . കൽമണ്ഡപം പ്രതിഭ നഗറിലാണ് മോഷണം നടന്നത്. രാവിലെ 10.45 ഓടെയായിരുന്നു ഷെഫീനയെ കെട്ടിയിട്ട് മോഷണം നടത്തിയത്. ഈ സമയം വീട്ടിൽ ഷെഫീന ഒറ്റക്കായിരുന്നു.