പാലക്കാട് കർശന സുരക്ഷ; ശ്രീനിവാസന്‍റെ പോസ്റ്റുമോർട്ടം ഇന്ന്
എ.ഡി.ജി.പി വിജയ് സാഖറെ ജില്ലയിൽ ക്യാമ്പ് ചെയ്യും
പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെയും ആര്‍.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്‍റെയും കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ബുധനാഴ്‍ച വരെ നിരോധനാജ്ഞ. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. എ.ഡി.ജി.പി വിജയ് സാഖറെ ജില്ലയിൽ ക്യാമ്പ് ചെയ്യും. ശ്രീനിവാസന്‍റെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് നടക്കും.
ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ക്രമാസമാധാന പ്രശ്നങ്ങൾക്കുള്ള സാഹചര്യത്തിലാണ് പാലക്കാട് ജില്ലാ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഏപ്രിൽ 20 വൈകീട്ട് ആറു മണി വരെയാണ് നിരോധനാജ്ഞ. അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരരുത്, പൊതുസ്ഥലങ്ങളിൽ യോഗങ്ങളും പ്രകടനങ്ങളും പാടില്ല തുടങ്ങിയവയാണ് നിരോധനാജ്ഞാ നിർദേശങ്ങൾ.
കൊല്ലപ്പെട്ട ശ്രീനിവാസന്‍റെ ശരീരത്തിൽ പത്തോളം ആഴത്തിലുള്ള മുറിവുകളുണ്ടെന്നാണ് പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. തലയിൽ മാത്രം മൂന്നു വെട്ടുകളേറ്റു. കാലിലും കയ്യിലുമുൾപ്പെടെ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റുമോർട്ടം നടപടികൾ രാവിലെ 10 മണിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ നടക്കും. മൂന്നു ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് കൊലപാതകത്തിന് പിന്നിൽ. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ കൊലപാതകത്തിൽ നാലു പേരാണ് പിടിയിലായത്. ജിനീഷ്, സുദർശൻ, ഷൈജു, ശ്രീജിത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ഉപയോഗിച്ച വാഹനമോടിച്ചയാളെ ഇനിയും കണ്ടെത്താനായിട്ടില്ല.