പാലക്കാട് സുബൈർ കൊലക്കേസ്; വിചാരണ നടപടികൾ ഇന്ന് തുടങ്ങും
ജൂലൈ 11 നാണ് കേസിൽ കുറ്റപത്രം നൽകിയത്
പാലക്കാട്: എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊലക്കേസിലെ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. ഒമ്പതു പ്രതികളെയും കുറ്റപത്രം വായിച്ചു കേൾപ്പിക്കാനായി ഇന്ന് കോടതിയിൽ ഹാജരാക്കും. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി ഒന്നിലാണ് പ്രതികളെ ഹാജരാക്കുക.
ജൂലൈ 11 നാണ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എസ്. ഷംസുദ്ധീൻ കുറ്റപത്രം നൽകിയത്. 167 സാക്ഷികളും 208 പ്രധാന രേഖകളുമുള്ള 971 പേജ് കുറ്റപത്രമാണ് തയ്യാറാക്കിയത്. ആർ.എസ്.എസ് ഭാരവാഹികൾ അടക്കം ഒമ്പതു പേരാണ് പ്രതികൾ.
2022 ഏപ്രിൽ 15ന് ഉച്ചയ്ക്കു പള്ളിയിൽ നിന്നു പിതാവ് അബൂബക്കറിനോടൊപ്പം വീട്ടിലേക്കു പോകുന്നതിനിടെ, കാറിലേത്തിയ സംഘം വെട്ടി കൊലപ്പെടുത്തി എന്നാണ് കേസ്.ബിജെപി നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ വിരോധത്തിലാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ.