ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമെന്ന് പാളയം ഇമാം
സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സുഹൈബ് മൗലവി പറഞ്ഞു
തിരുവന്തപുരം: ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുവാദം കൊടുക്കണം. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സുഹൈബ് മൗലവി പറഞ്ഞു. തിരുവനന്തപുരത്ത് പെരുന്നാള്‍ നമസ്കാരത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ കൊലപാതകത്തെ ആരും ന്യായീകരിക്കരുത്. വെട്ടിന് വെട്ടും കൊലയ്ക്ക് കൊലയും അംഗീകരിക്കാനാകില്ലെന്നും സുഹൈബ് മൗലവി പറഞ്ഞു. ഇരട്ടി മധുരമുള്ള ഈദ് ഗാഹ് ആണ് . ആഘോഷത്തിന്‍റെ പൊലിമ വർധിക്കുന്നു. കഴിഞ്ഞ രണ്ട് വർഷം ഒരു ആഘോഷവും ഉണ്ടായില്ല. ചേർന്ന് നിന്നാൽ പോരാ ആളുകളെ ചേർത്ത് നിർത്താൻ കഴിയണം. ജാതിമത വ്യത്യാസമില്ലാതെ ഈദ് ആഘോഷിക്കണം. വർഗീയത പ്രസംഗിക്കുന്നവരെ ഒറ്റപ്പെടുത്തണം. ഏത് മതത്തിൽപെട്ട ആളാണെങ്കിലും രാഷ്ട്രീയക്കാരനാണെങ്കിലും അയാളെ മാറ്റി നിർത്തണമെന്നും ഇമാം പറഞ്ഞു.
പി.സി ജോര്‍ജിന്‍റെ പ്രസ്താവന വിഷംചീറ്റലാണ്. കലാപ അന്തരീക്ഷം ഉണ്ടാകുമ്പോൾ അത് കെടുത്തലാണ് വിശ്വാസിയുടെ ഉത്തരവാദിത്തം. വർഗീയ പ്രചരണങ്ങളെ അതിജീവിക്കണം. വിദ്വേഷം കത്തിക്കാനാണ് ശ്രമിച്ചത്. സമൂഹത്തോട് മാപ്പ് പറയാൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും നല്ലത്. ഹിന്ദു ഹിന്ദുവിന്‍റെ കടയിൽ നിന്നും മുസ്‍ലിം മുസ്‍ലിമിന്‍റെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങണം എന്ന് പറയുന്നത് കേട്ടുകേൾവി ഇല്ലാത്തതാണ്. പി.സി ജോർജ് മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നു. ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് പാളയം പള്ളിമുറ്റത്താണ് അവർ വിശ്രമിക്കുന്നത്. പാളയം കത്തീഡ്രലും അങ്ങനെ തന്നെ. അതാണ് നാടിന്‍റെ പാരമ്പര്യം.അദ്വൈതാശ്രമത്തിലും ഈദ് ഗാഹ് നടക്കുന്നുണ്ട്. വിദ്വേഷപ്രസംഗം നടത്തുമ്പോൾ കയ്യടിക്കരുത്. ഈ പരിപ്പ് ഇവിടെ വേവില്ലെന്ന് പറയണമെന്നും പാളയം ഇമാം പറഞ്ഞു.