സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രം പാഠഭാഗങ്ങളിൽ നിന്ന് നീക്കിയത് അംഗീകരിക്കാൻ കഴിയില്ല: പാളയം ഇമാം
വൈവിധ്യമുള്ള ചരിത്രത്തെ ഏക ശിലാത്മകമാക്കാനാണ് ചിലരെങ്കിലും ശ്രമിക്കുന്നത്
തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ അന്വേഷണത്തിലൂടെ യഥാർഥ വസ്തുത പുറത്തുവരണമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. ഒരു മുസ്‍ലിം പേരുകാരനാണ് പ്രതി സ്ഥാനത്ത് വന്നത്. ഇത് ഏറെ വേദന ഉണ്ടാക്കുന്ന കാര്യമാണ്. ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു സമീപനവും ഇസ്‍ലാമില്‍ ഇല്ലെന്നും സുഹൈബ് മൗലവി പറഞ്ഞു. പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മതങ്ങളും മനുഷ്യനെ പഠിപ്പിക്കുന്നത് സമാധാനമാണ്. ചരിത്രം വെട്ടി മാറ്റാനുള്ള ശ്രമങ്ങൾ ശരിയാണോ എന്ന് അധികാരികൾ ആലോചിക്കണം. മുഗളന്മാരുടെ ചരിത്രം ഗൗരവത്തിൽ പഠിക്കേണ്ടതാണ്. വൈവിധ്യമുള്ള ചരിത്രത്തെ ഏക ശിലാത്മകമാക്കാനാണ് ചിലരെങ്കിലും ശ്രമിക്കുന്നത്. സ്വാതന്ത്ര്യ സമരസേനാനികളുടെ ചരിത്രം പാഠഭാഗങ്ങളിൽ നിന്ന് നീക്കിയത് അംഗീകരിക്കാൻ കഴിയില്ല. അത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. എന്‍സിഇആര്‍ടി പുനർവിചിന്തനത്തിന് തയ്യാറാകണമെന്നും മൗലവി ആവശ്യപ്പെട്ടു.
ഇസ്‍ലാം ഒരു വരണ്ട മതമല്ല. കലയും ആഘോഷവും ചേർന്ന സർഗാത്മകതയാണ് ഇസ്‍ലാം മുന്നോട്ട് വയ്ക്കുന്നത്. ഒരു മതവും ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്നില്ല. മദ്യവും ലഹരിയും ഉപയോഗിച്ചുള്ള ആഘോഷം നമുക്ക് വേണ്ടെന്നും പാളയം ഇമാം പറഞ്ഞു. പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടക്കുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊല്ലം ബീച്ചിലെ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. കോഴിക്കോട് ബീച്ചിൽ നടക്കുന്ന സംയുക്ത ഈദ് ഗാഹിന് ടി. ആരിഫ് അലി നേതൃത്വം നൽകി.