'ഫലസ്തീൻ ഐക്യദാർഢ്യ എംക്യാമ്പ്മെൻ്റുകൾ വിദ്യാർഥി സമരങ്ങളുടെ ഉജ്ജ്വല മാതൃക': ടി. ആരിഫലി
സമരോത്സുകമായ വിദ്യാർഥി മാതൃകകൾ ഭാവിയെക്കുറിച്ച് പ്രത്യാശകൾ സമ്മാനിക്കുന്നുവെന്നും അദ്ദേഹം
കോഴിക്കോട്: ഫലസ്തീൻ ഐക്യദാർഢ്യ എംക്യാമ്പ്മെൻ്റുകൾ വിദ്യാർത്ഥി സമരങ്ങളുടെ ഉജ്ജ്വല മാതൃകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി. എസ്.ഐ.ഒ കേരള സംഘടിപ്പിച്ച പ്രീമിയർ ഇൻസ്റ്റിട്ട്യൂട്ട് കേഡർ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരോത്സുകമായ ഇത്തരം വിദ്യാർത്ഥി മാതൃകകൾ ഭാവിയെക്കുറിച്ച് പ്രത്യാശകൾ സമ്മാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഫലസ്തീനിലെ ഇസ്രായേൽ വംശഹത്യക്കെതിരെ ഇന്ത്യയിലെ കാമ്പസുകളിലും ഇത്തരം പ്രക്ഷോഭങ്ങളുമായി രംഗത്തുണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയയിൽ വെച്ച് രണ്ട് ദിവസമായി നടന്ന ക്യാമ്പ് എസ്.ഐ.ഒ മുൻ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം ഉദ്ഘാടനം ചെയ്തു.
വിവിധ സെഷനുകളിലായി അഡ്വ തമന്ന സുൽത്താന, ശംസീർ ഇബ്രാഹിം, ഡോ സാദിഖ് പി.കെ, സുഹൈബ് സി, ഹാമിദ് ടി.പി തുടങ്ങിയവർ സംസാരിച്ചു. സമാപന ചടങ്ങിൽ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ അധ്യക്ഷത വഹിച്ചു. ലുലു മർജാനും മിസ്ഹബ് ശിബിലിയും നന്ദി പറഞ്ഞു.