കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത്
ലീഗ് നേതാക്കൾ കൂടി പങ്കെടുക്കുന്ന പരിപാടി യുഡിഎഫ് ഐക്യ സന്ദേശം കൂടി പകരുന്നതാകും.
കോഴിക്കോട്: കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത്. ശശി തരൂർ എം.പി, കെ.സി വേണുഗോപാൽ തുടങ്ങി മുതിർന്ന നേതാക്കൾ റാലിയിൽ പങ്കെടുക്കും. ലീഗ് നേതാക്കൾ കൂടി പങ്കെടുക്കുന്ന പരിപാടി യുഡിഎഫ് ഐക്യ സന്ദേശം കൂടി പകരുന്നതാകും.
വൈകിട്ട് 3.30 ന് ആരംഭിക്കുന്ന റാലി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. വി.ഡി സതീശന്‍, കെ സുധാകരന്‍, ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങള്‍, പി.കെകുഞ്ഞാലിക്കുട്ടി തുടങ്ങിയവർ റാലിയിൽ സംസാരിക്കും.
മുസ്ലിം ലീഗ് കോഴിക്കോട് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പരാമർശത്തിൽ ഏറെ പഴി കോൺഗ്രസ്കേട്ടിരുന്നു. ഇന്ന് സംസാരിക്കുന്ന തരൂരിന്റെ വാക്കുകൾ ശ്രദ്ധയാകർശിക്കും.
സ്ഥിരംവേദിയിൽനിന്നും 200 മീറ്റർമാറിയാണ് പുതിയ വേദി സജ്ജീകരിച്ചിരിക്കുന്നത്. റാലിയിൽ അര ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. ഫലസ്തീൻ വിഷയത്തിൽ റാലികൾ നടത്തിയ സി.പി.എം തന്ത്രത്തെ പ്രതിരോധിക്കാൻ കൂടിയാണ് കോൺഗ്രസിൻ്റെ ഈ നീക്കം.