പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി ഭൂമി വിട്ടുനൽകി പാണക്കാട് കുടുംബം

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങി

Update: 2023-06-07 02:12 GMT
Advertising

മലപ്പുറം: മലപ്പുറം നഗരസഭയ്ക്ക് കീഴിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ നിർമാണത്തിനായി ഭൂമി വിട്ടുനൽകി പാണക്കാട് കുടുംബം. ആശുപത്രി നിർമാണത്തിന് ആവശ്യമായ 15 സെന്‍റ് സ്ഥലമാണ് സൗജന്യമായി നൽകിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങി.

പാണക്കാട് തോണിക്കടവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രമാണ് പുതിയ കെട്ടിടത്തിലേക്ക് കൂടുതൽ സൗകര്യങ്ങളോടെ മാറ്റിസ്ഥാപിക്കുന്നത്. പരിമിത സൗകര്യത്തിലായിരുന്നു ഏഴ് വർഷമായി ആശുപത്രിയുടെ പ്രവര്‍ത്തനം. പുതിയ കെട്ടിടം നിർമിക്കാൻ മലപ്പുറം നഗരസഭ പദ്ധതി അവതരിപ്പിച്ചു. ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെയാണ് ആശുപത്രിക്കാവശ്യമായ ഭൂമി പാണക്കാട് കുടുംബം നൽകിയത്.

കാരാത്തോട് എടായിപ്പാലത്തിന് സമീപം സംസ്ഥാന പാതയോട് ചേർന്നുള്ള 15 സെന്‍റ് ഭൂമിയാണ് ആശുപത്രിക്കായി കൈമാറിയത്. ഭൂമി ലഭ്യമായതോടെ നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കി ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിര്‍മിക്കാനാണ് നഗരസഭ ഭരണ സമിതി തീരുമാനം. സഹജീവികൾക്ക് സഹായമാകുന്നത് ജീവിതത്തിന്‍റെ ഭാഗമാക്കിയ പാണക്കാട് കുടുംബാംഗങ്ങളുടെ സന്മനസ്സിന്‍റെ അടയാളമായി ആശുപത്രി കെട്ടിടം ഉടൻ യാഥാർത്ഥ്യമാകും.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News