സമസ്ത-ലീഗ് വിവാദങ്ങൾക്കിടെ പാണക്കാട് കുടുംബാംഗങ്ങള്‍ ഒരേ വേദിയിൽ
പാണക്കാട്ടെ കൊമ്പും ചില്ലയും വെട്ടാൻ ആരും നോക്കണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സമസ്ത-ലീഗ് വിവാദങ്ങൾക്കിടെ പാണക്കാട് കുടുംബാംഗങ്ങളെയെല്ലാം ഒരേ വേദിയിൽ എത്തിച്ച് എം.എസ്.എഫിന്‍റെ 'പാണക്കാടിന്റെ പൈതൃകം' പരിപാടി മലപ്പുറത്ത് നടന്നു. പാണക്കാട് കുടുംബത്തിലെ മുതിർന്നവർ മുതൽ ഇളം തലമുറക്കാർ വരെ സംഗമത്തിന്റെ ഭാഗമായി. പാണക്കാട് കുടുംബങ്ങൾക്ക് നേരെയുള്ള ആരോപണങ്ങൾ ചെറുക്കുന്നതായിരുന്നു പൈതൃകം പരിപാടി.
വേദിയിൽ സംസാരിച്ച സമസ്ത നേതാവ് ഓണമ്പള്ളി മുഹമ്മദ് ഫൈസി പാണക്കാട് തങ്ങൾമാർക്ക് ഐക്യദാർഢ്യവുമായി രംഗത്ത് വന്നു. പാണക്കാ ട്ടെ വിളക്ക് കെടുത്താൻ ശ്രമിക്കുന്നവർക്ക് അതിന് കഴിയില്ലെന്നും പാണക്കാട് കുടുംബം തകരണമെന്നു ആഗ്രഹിക്കുന്നവർ സമുദായത്തിന്റെ ശത്രുക്കളാണെന്നും ഫൈസി പറഞ്ഞു. പാണക്കാട്ടെ കൊമ്പും ചില്ലയും വെട്ടാൻ ആരും നോക്കേണ്ടെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
80 കളിലെ എ സ്ക്കെ എസ്.എസ്.എഫ് പ്രവർത്തനങ്ങളും അനുഭവങ്ങളും ഓർമിപ്പിച്ചായിരുന്നു സാദിഖലി തങ്ങളുടെ പ്രഭാഷണം. പരിപാടിയിൽ സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീർ എം.പിയും അബ്ദുസമദ് സമദാനി എം.പിയും പാണക്കാട് കുടുംബങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കെതിരെ പ്രതികരിച്ചു. സാഹിത്യകാരൻ കെ.പി രാമനുണ്ണി മുഖ്യാതിഥിയായി പങ്കെടുത്തു. പാണക്കാട്ട് ഇളം തലമുറക്കാരെ ഉൾപ്പെടെ എം.എസ്.എഫ് വേദിയിൽ ഉപഹാരം നൽകി ആദരിച്ചു. കൊടപ്പനക്കൽ തറവാടിന്റെ ചരിത്രവും പൈതൃകവും കേന്ദ്രീകരിച്ച് എം.എസ് .എഫ് സംസ്ഥാന കമ്മിറ്റിയാണ് പാണക്കാടിന്റെ പൈതൃകം പരിപാടി സംഘടിപ്പിച്ചത്.